മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നെറ്റ് ബൗളറായി എത്തി തലവര തന്നെ മാറിമറിഞ്ഞ താരമാണ് ഉമ്രാന്‍ മാലിക്ക്. ഇപ്പോഴിതാ ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ പന്തിന്റെ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് താരം.

To advertise here,

ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഒന്നാം ട്വന്റി 20-യിലായിരുന്നു ഉമ്രാന്റെ പ്രകടനം. ഉമ്രാന്‍ എറിഞ്ഞ ലങ്കന്‍ ഇന്നിങ്‌സിന്റെ 17-ാം ഓവറിലെ നാലാം പന്ത് തൊട്ടത് മണിക്കൂറില്‍ 155 കി.മീ എന്ന വേഗതയാണ്. വമ്പനടികളുമായി ഇന്ത്യയ്ക്കും വിജയത്തിനും ഇടയില്‍ നിന്ന ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനകയെ ഈ പന്തില്‍ വീഴ്ത്താനും ഉമ്രാന് സാധിച്ചു. വിജയത്തിലേക്ക് ലങ്കയ്ക്ക് 20 പന്തില്‍ നിന്ന് 34 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഉമ്രാന്റെ നിര്‍ണായക വിക്കറ്റ് നേട്ടം.

ജസ്പ്രീത് ബുംറയുടെ 153.36 കി.മീ വേഗമാണ് ഇതിലൂടെ ഉമ്രാന്‍ മറികടന്നത്. 152.85 കി.മീ വേഗവുമായി നവ്ദീപ് സെയ്‌നിയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ഉമ്രാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഐപിഎല്ലില്‍ ഇതിലും വേഗത്തില്‍ ഉമ്രാന്‍ പന്തെറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 156.9 കി.മീ വേഗത്തിലാണ് ഉമ്രാന്റെ ഒരു പന്തെത്തിയത്.