ജൊഹന്നാസ്‌ബെർഗ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 32 റൺസിന്റെ വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു. ഡേവിഡ് മില്ലറും ടെംബ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. 93 പന്തുകളിൽ നിന്ന് 142 റൺസെടുത്ത ഡേവിഡ് മില്ലർ തന്റെ എട്ടാം ഏകദിന സെഞ്ചുറി നേടിയപ്പോൾ, ബാവുമ തന്റെ ആറാം ഏകദിന സെഞ്ചുറിയോടെ (103 റൺസ്) തിളങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 365 റൺസ് എടുത്തു.

To advertise here,

ഓസ്‌ട്രേലിയക്കായി തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിച്ച ജാക് എഡ്വേർഡ്‌സ് 67 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ആദ്യ പന്തിൽ തന്നെ എയ്ഡൻ മാർക്രത്തെ ഗോൾഡൻ ഡക്കാക്കിയ ജോഷ് ഹേസൽവുഡ് തന്റെ 10 ഓവറിൽ 70 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. എന്നാൽ ഇത്രയും വലിയ സ്‌കോർ പിന്തുടർന്ന് വിജയിക്കാൻ ഓസ്‌ട്രേലിയയ്ക്കായില്ല. അവർ 49.5 ഓവറിൽ 333 റൺസിന് പുറത്തായി.

ഇതിനിടയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയും വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കും തമ്മിലുള്ള വാക്കുതർക്കത്തിനും മത്സരം വേദിയായി. സേവ്യർ ബാർട്ട്‌ലെറ്റിനെതിരേയുള്ള ഡിആർഎസ് റിവ്യൂവിനിടയിൽ 48-ാം ഓവറിലായിരുന്നു സംഭവം. റിവ്യൂ എടുക്കാൻ തീരുമാനിച്ചതിനുശേഷം ബാവുമ, ഡി കോക്കിനെ നോക്കി ദേഷ്യത്തോടെ എന്തോ പറഞ്ഞു. ഡി കോക്കും അതൃപ്തനായി ദേഷ്യത്തോടെ മറുപടി നൽകി. ഇതിനിടയിൽ മാർക്കാ ജാൻസൻ ഇതിൽ ഇടപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ക്യാപ്റ്റൻ എന്ന നിലയിൽ ബാവുമയെ ഡികോക്ക് ബഹുമാനിക്കണമെന്നും അവസാന തീരുമാനം എപ്പോഴും ക്യാപ്റ്റന്റേതായിരിക്കണം എന്ന് ചിലർ കുറിച്ചു. ഇത്തരം സംഭവങ്ങൾ ക്രിക്കറ്റിൽ സാധാരണമാണെന്നായിരുന്നു മറ്റു ചില കമന്റുകൾ.