തിരുവനന്തപുരം: റെക്കോഡുകൾ തകർത്തെറിഞ്ഞ കോലിയുടെ ഉജ്ജ്വല ഇന്നിങ്‌സാണ് കാര്യവട്ടത്ത് ആരാധകരെ കാത്തിരുന്നത്. വിൻഡീസ് ബൗളർമാരെ നിലംപരിശാക്കിയ കോലി സെഞ്ചുറിയോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ചേസിങ്ങിലെ മറ്റൊരു മാസ്റ്റർ ക്ലാസ് ഇന്നിങ്‌സ്. ഫിഫ്റ്റിയും സെഞ്ചുറിയും സിക്‌സറിലൂടെ നേടിയ കോലി അക്ഷരാർഥത്തിൽ വിരുന്നൊരുക്കി. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 296 റൺസെന്ന ലക്ഷ്യം മറികടക്കുന്നത്. മത്സരത്തിൽ 88 പന്തിൽ നിന്ന് കോലി 139 റൺസ് അടിച്ചെടുത്തു. 10 ഫോറുകളും 9 സിക്‌സറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

To advertise here,

രോഹിത് പുറത്തായതിന് പിന്നാലെ കൃത്യമായ റൺറേറ്റ് അടിസ്ഥാനമാക്കിയാണ് വിരാട് കോലിയും ഗില്ലും ബാറ്റേന്തിയത്. അതോടെ ഇന്ത്യ ട്രാക്കിലായി. വിൻഡീസ് ബൗളർമാർ മാറി മാറിയെറിഞ്ഞിട്ടും ഫലമുണ്ടായില്ല. 25 ഓവറിൽ 158-1 എന്ന നിലയിലായിരുന്നു ഇന്ത്യ. അർധസെഞ്ചുറി തികച്ച ഗിൽ സെഞ്ചുറിയിലേക്ക് കുതിച്ചപ്പോൾ ബൗണ്ടറികളുമായി കോലി കാര്യവട്ടത്തെ ആവേശക്കൊടുമുടുയിലാക്കി. പിന്നാലെ കോലിയുടെ ഫിഫ്റ്റിയുമെത്തി. 27-ാം ഓവറിലെ ആദ്യ പന്ത് അൽസാരി ജോസഫിനെ സിക്‌സറടിച്ചാണ് കോലി അർധസെഞ്ചുറി തികച്ചത്. 28-ാം ഓവറിൽ പത്ത് റൺസും 29-ാം ഓവറിൽ 14 റൺസും പിറന്നു. അതോടെ 30 ഓവറിൽ 196 ലെത്തി.

31-ാം ഓവറിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയെത്തി. 96 പന്തിലാണ് താരം സെഞ്ചുറി തികച്ചത്. പിന്നീട് കോലി ഷോയാണ് മൈതാനത്ത് കണ്ടത്. 32-ാം ഓവറിലും 34-ാം ഓവറിലും കോലി റോസ്റ്റൺ ചേസിനെ അതിർത്തികടത്തി. പിന്നാലെ ഗിൽ പുറത്തായി. 110 റൺസാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്വാദിനെ കൂട്ടുപിടിച്ച് കോലി വെടിക്കെട്ട് നടത്തി. പിന്നാലെ താരം സെഞ്ചുറി തികച്ചു. 38-ാം ഓവറിൽ ഉഗ്രൻ സിക്സറോടെ സെഞ്ചുറി. 74 പന്തിലാണ് സെഞ്ചുറി പിറന്നത്. ഏകദിന ക്രിക്കറ്റിലെ കോലിയുടെ 55-ാം സെഞ്ചുറിയാണിത്. സെഞ്ചുറി നേടിയതിന് ശേഷവും വിൻഡീസ് ബൗളർമാരെ കോലി പ്രഹരിച്ചു. വിൻഡീസ് ബൗളർമാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. കീസി കാർട്ടി എറിഞ്ഞ 42-ാം ഓവറിലെ മൂന്നാം പന്തും നാലാം പന്തും അതിർത്തി കടത്തിയ കോലി ടീമിനെ ജയത്തിലെത്തിച്ചു.

മത്സരത്തിൽ ഒരുപിടി റെക്കോഡുകളും കോലി സ്വന്തമാക്കി. ഏകദിനക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 15,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം കോലി സ്വന്തമാക്കി. ഏകദിനക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് കോലി. സച്ചിൻ തെണ്ടുൽക്കറാണ് മറ്റൊരു താരം. സച്ചിൻ 377 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. കോലിയാകട്ടെ 303 ഇന്നിങ്‌സുകളിൽ നിന്നു തന്നെ 15,000 റൺസിലെത്തി. അതോടെ ഏറ്റവും വേഗത്തിൽ 15,000 റൺസ് തികയ്ക്കുന്ന താരമായും കോലി മാറി.

ഏകദിനക്രിക്കറ്റിൽ സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമായും കോലി മാറി. സച്ചിന്റെ റെക്കോഡാണ് കോലി മറികടന്നത്. ഇന്ത്യയിൽ കളിച്ച 164 ഏകദിനങ്ങളിൽ നിന്ന് സച്ചിൻ 6,976 റൺസാണ് അടിച്ചെടുത്തത്. 131 മത്സരങ്ങളിൽ നിന്ന് തന്നെ കോലി ഇത് മറികടന്നു. കോലിയുടെ 55-ാം ഏകദിനസെഞ്ചുറിയാണ് വിൻഡീസിനെതിരായത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 86-ാം സെഞ്ചുറിയാണിത്.