ഹരാരെ: ആറാം കിരീടത്തിൽ കണ്ണുവെച്ചാണ് ആയുഷ് മാത്രെയുടെ കീഴിൽ ടീം ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനാകട്ടെ 1998-നുശേഷമൊരു കപ്പാണ് ലക്ഷ്യം. അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ അപരാജിതശക്തികൾ ഏറ്റുമുട്ടുമ്പോൾ ആവേശം കൊട്ടിക്കയറും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതലാണ് ഇന്ത്യ-ഇംഗ്ലണ്ട് ഫൈനൽ.

To advertise here,

കരുത്തോടെ ഇന്ത്യ

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയർത്തിയത്. 2022-ലാണ് അവസാനമായി കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്ട്രേലിയയോട് ഫൈനലിൽ കീഴടങ്ങി. തുടർച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്. സെമിയിൽ റെക്കോഡ് റൺചേസ് നടത്തി അഫ്ഗാനിസ്താനെ കീഴടക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്. 310 റൺസ് 55 പന്ത് ബാക്കിനിൽക്കെ മറികടക്കാൻ കഴിഞ്ഞത് ഇന്ത്യക്ക് പ്രതീക്ഷനൽകുന്ന ഘടകമാണ്.

ഓപ്പണർമാരായ വൈഭവ് സൂര്യവംശി, മലയാളി താരം ആരോൺ ജോർജ് എന്നിവർ മികച്ചഫോമിലാണ്. ക്യാപ്റ്റൻ ആയുഷ് മാത്രെ നോക്കൗട്ട് റൗണ്ടിൽ ഓൾറൗണ്ട് പ്രകടനമാണ് പുറത്തെടുക്കുന്നത്. മധ്യനിരബാറ്റർമാരായ വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു, വേദാന്ത് ത്രിവേദി എന്നിവരും മികച്ച രീതിയിൽ കളിക്കുന്നുണ്ട്.

ബൗളിങ്ങിൽ പേസർമാരായ ആർ.എസ്. അംബ്രിഷ്, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ എന്നിവരും സ്പിന്നർമാരായ ഖിലൻ പട്ടേൽ, കനിഷ്‌ക് ചൗഹാൻ എന്നിവരും നന്നായി പന്തെറിയുന്നുണ്ട്. തൃശ്ശൂർ സ്വദേശിയായ ഓൾറൗണ്ടർ മുഹമ്മദ് ഇനാനും ടീമിലുണ്ട്.

ഇംഗ്ലീഷ് ടെസ്റ്റ്

ടൂർണമെന്റിൽ ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടും തോൽവിയറിഞ്ഞിട്ടില്ല. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. ക്യാപ്റ്റൻ തോമസ് റ്യൂ, ഓപ്പണർമാരായ ബെൻ ഡ്വാകിൻസ്, ജോസഫ് മൂർ, വൺഡൗൺ ബാറ്റർ ബെൻ മേയേഴ്സ് എന്നിവർ ഒറ്റയ്ക്ക് കളിഗതി മാറ്റിമറിക്കാൻ കഴിയുന്നവരാണ്.