
അത് ഒരിക്കല്‍ കൂടി സംഭവിച്ചിരിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വീണ്ടും ടോസ് നഷ്ടപ്പെട്ടിരിക്കുന്നു. ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന് ടോസ് വിജയിക്കാനായില്ല. 2021-ല്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇത് സംഭവിക്കുന്നത്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും കോലി ടോസ് വിജയിച്ചില്ല.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെടുത്തുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡില്‍ വിരാട് കോലി മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ മറികടക്കുകയും ചെയ്തു. ധോനി 34 മത്സരങ്ങളിലാണ് ടോസ് നഷ്ടപ്പെടുത്തിയത്. വിരാട് കോലി 36 ടെസ്റ്റുകള്‍ പിന്നിട്ടു.
2018-ലും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കോലിക്ക് ടോസ് നേടാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ടോസ് ഇംഗ്ലണ്ട് ക്യാപ്റ്റനൊപ്പം നിന്നു. ലോര്‍ഡ്‌സില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് ഉള്‍പ്പെടെ എട്ടു ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ ഇംഗ്ലണ്ടില്‍ നയിച്ചത്. ആ എട്ടിലും ടോസ് തോറ്റു. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി നടന്ന ടെസ്റ്റുകളില്‍ കഴിഞ്ഞ 11 എണ്ണത്തില്‍ ഒന്നില്‍ മാത്രമാണ് കോലി ടോസ് വിജയിച്ചത്.
ടെസ്റ്റില്‍ മാത്രമല്ല, ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റനായ ശേഷവും കോലിയെ ടോസ് നിര്‍ഭാഗ്യം പിന്തുടര്‍ന്നു. നിര്‍ണായക മത്സരങ്ങളില്‍ കോലി ടോസ് നഷ്ടപ്പെടുത്തി. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മാത്രമാണ് ഇതിന് അപവാദം. അന്ന് ടോസ് നേടിയ കോലി പാകിസ്താനെ ബാറ്റിങ്ങിന് അയച്ചു. പാകിസ്താന്‍ കൂറ്റന്‍ സ്‌കോര്‍ നേടി ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടുകയും ചെയ്തു.
2019-ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ കോലിയെ ടോസ് കൈവിട്ടു. ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ 49 എണ്ണത്തിലും ട്വന്റി-20യില്‍ 45 മത്സരങ്ങളില്‍ 18-ലും മാത്രമാണ് കോലിയെ ടോസ് ഭാഗ്യം തുണച്ചത്. നൂറില്‍ കൂടുതല്‍ മത്സരങ്ങളില്‍ രാജ്യത്തെ നയിച്ച ക്യാപ്റ്റന്‍മാരില്‍ ടോസ് ഏറ്റവും കൂടുതല്‍ നഷ്ടമായ താരവും കോലിയാണ്. ആകെ 203 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 118 എണ്ണത്തിലും ടോസ് നഷ്ടപ്പെടുത്തി.
കോലിയുടെ ഈ ടോസ് നിര്‍ഭാഗ്യത്തെ ട്രോളി നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനുള്ള പുരസ്‌കാരം കോലിക്ക് നല്‍കണമെന്ന് ഐസിസിയോട് ആരാധകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ വരെ ട്രോളുകള്‍ വന്നു.
Content Highlights: Twitter reacts as Virat Kohli loses 8th straight toss in England
Published: 12 Aug 2021, 10:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented