ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാഗാലന്‍ഡിനെതിരേ കേരളത്തിന് അനായാസജയം. ഹൈദരാബാദില്‍നടന്ന മത്സരത്തില്‍, 52 പന്ത് ബാക്കിനില്‍ക്കെ എട്ടുവിക്കറ്റിന് ജയിച്ചു. സ്‌കോര്‍: നാഗാലാന്‍ഡ് 20 ഓവറില്‍ എട്ടുവിക്കറ്റിന് 120. കേരളം 11.2 ഓവറില്‍ രണ്ടിന് 121.

To advertise here,

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കാത്തതിനാല്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ നയിച്ചത്. ടോസ് നേടിയ നാഗാലാന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാര്‍ ഒന്‍പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാെത 57 റണ്‍സിലെത്തിച്ചെങ്കിലും മധ്യനിരയെ തകര്‍ത്ത ബൗളര്‍മാര്‍ മത്സരം കേരളത്തിനനുകൂലമാക്കി. എന്‍.പി. ബേസില്‍ നാല് ഓവറില്‍ 16 റണ്‍സിന് മൂന്നുവിക്കറ്റും ബേസില്‍ തമ്പി 27 റണ്‍സിന് രണ്ടുവിക്കറ്റും നേടി. എം.ഡി. നിധീഷ്, ജലജ് സക്സേന, അബ്ദുള്‍ ബാസിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ കേരളത്തിന്റെ ഓപ്പണര്‍ വിഷ്ണു വിനോദ് (2) പെട്ടെന്ന് മടങ്ങിയെങ്കിലും രോഹന്‍ കുമ്മുമ്മല്‍ (28 പന്തില്‍ 57), സച്ചിന്‍ ബേബി (31 പന്തില്‍ 48*) എന്നിവര്‍ ചേര്‍ന്ന് രണ്ടാംവിക്കറ്റില്‍ 105 റണ്‍സെടുത്തു. രോഹന്‍ ആറു ഫോറും മൂന്നു സിക്‌സും നേടിയപ്പോള്‍ സച്ചിന്‍ ആറു ഫോറും ഒരു സിക്‌സും നേടി. സല്‍മാന്‍ നിസാര്‍ 11 റണ്‍സോടെ പുറത്താകാതെനിന്നു.