സിഡ്‌നി: ആഷസ് പരമ്പര വിജയത്തിന് ശേഷം ബിഗ് ബാഷ് ലീഗിൽ കളിക്കുകയാണ് ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്. പാക് താരം ബാബർ അസമും സ്മിത്തിനൊപ്പം സിഡ്‌നി സിക്‌സേഴ്‌സ് ടീമിൽ കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ ഇരുവരുടെയും ഫീൽഡിങ് ചർച്ചയാകുകയാണ്. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിലാണ് സംഭവം.

To advertise here,

മത്സരത്തിലെ സിഡ്‌നി തണ്ടറിന്റെ ഇന്നിങ്‌സിലെ 16-ാം ഓവറാണ് നാടകീയമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ബെൻ മനെന്റി എറിഞ്ഞ ഓവറിലെ നാലാം പന്ത് ഇടംകൈയ്യൻ ബാറ്റർ നിക് മാഡിൻസൺ സ്‌ട്രൈറ്റ് ഡ്രൈവ് ഷോട്ട് കളിച്ചു. പന്ത് തടയാൻ ഓടിയെത്തിയതാകട്ടെ സ്മിത്തും ബാബറുമാണ്. സ്മിത്ത് ലോങ് ഓഫിലും ബാബർ ലോങ് ഓണിലുമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇരുവർക്കും പന്ത് തടയാനായില്ല.

സ്മിത്ത് ഓടിയെത്തിയെങ്കിലും ബാബർ പന്ത് പിടിക്കുമെന്നാണ് ഓസീസ് താരം കരുതിയത്. അതോടെ സ്മിത്ത് പിന്മാറി. എന്നാൽ ബാബറിന് പന്ത് തടയാനായില്ല. അതോടെ ബൗണ്ടറി വഴങ്ങേണ്ടിയും വന്നു. പിന്നാലെ സ്മിത്ത് ബാബറിന്റെ ഫീൽഡിങ്ങിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

തൊട്ടടുത്ത പന്തിലും ഷോട്ട് സ്മിത്തിന്റെ അടുത്തേക്കാണ് എത്തിയത്. സ്മിത്താകട്ടെ ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലാക്കി. എന്നാൽ പന്തെറിയുന്നതിനിടെ ബാബർ സ്മിത്തിന് മുന്നിലേക്ക് ഓടിക്കയറി. ഇത് കമന്റേറ്റർമാരിൽ ചിരിപടർത്തി. മുൻ ഓസീസ് താരം മാർക് വോ ‘ബാബർ, വഴിയിൽ നിന്ന് മാറൂ’ എന്നാണ് പ്രതികരിച്ചത്. പാക് താരത്തിന്റെ വീഡിയോ വൻ വൈറലാണ്.