സിഡ്‌നി: ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) മത്സരത്തിനിടെ നിർബന്ധിത റിട്ടയേഡ് ഔട്ടിന് വിധേയനാകേണ്ടി വന്ന പാകിസ്താൻ താരം മുഹമ്മദ് റിസ്വാനാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. സിഡ്‌നി തണ്ടേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് മെൽബൺ റെനഗേഡ്‌സ് താരമായ റിസ്വാനോട് ബാറ്റിങ് മതിയാക്കി തിരികെപ്പോരാൻ ടീം ആവശ്യപ്പെട്ടത്.

To advertise here,

നാലാമതായി ബാറ്റിങ്ങിനിറങ്ങിയ റിസ്വാൻ 23 പന്തിൽ 26 റൺസെടുത്തു നിൽക്കെ പതിനെട്ടാം ഓവറിലാണ് മെൽബൺ ക്യാപ്റ്റൻ വിൽ സതർലാൻഡ് റിസ്വാനോട് റിട്ടയേർഡ് ഔട്ടാവാൻ ആവശ്യപ്പെട്ടത്. അവസാന രണ്ടോവറിൽ സ്‌കോർ ഉയർത്താൻ വേണ്ടിയായിരുന്നു ഇത്. സാധാരണ ബാറ്റർക്ക് പരിക്കേൽക്കുകയും ബാറ്റിങ് തുടരാൻ സാധിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് റിട്ടയേർഡ് ഔട്ടാകുന്നത്. പരിക്കേറ്റാലും തിരികെ വരാൻ സാധിക്കുന്ന രീതിയിൽ ബാറ്റിങ് മതിയാക്കുന്നതാണ് റിട്ടയേർഡ് ഹർട്ട്.

ഈ സംഭവം പാകിസ്താൻ ക്രിക്കറ്റിൽ വലിയ ചർച്ചയായിരിക്കുകയാണ്. റിസ്വാന്റെ നിലവാരത്തിലുള്ള ഒരു കളിക്കാരനെ അപമാനിക്കുന്ന നീക്കമാണ് മെൽബൺ ടീമിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് വിമർശനം. പല മുൻ പാക് ക്രിക്കറ്റ് താരങ്ങളും മെൽബൺ ടീമിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. പ്രതിഷേധ സൂചകമായി റിസ്വാൻ ടൂർണമെന്റ് പാതിവഴിയിൽ മതിയാക്കി പോരണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്ത അഭിപ്രായമാണ് മുൻ പാക് വിക്കറ്റ് കീപ്പർ കമ്രാൻ അക്മലിനുള്ളത്. ഒരു പാക് ചാനലിൽ നടന്ന ചർച്ചയ്ക്കിടെ പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് റിസ്വാൻ തന്റെ കളി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അക്മൽ നിർദേശിച്ചു. റിസ്വാൻ മികച്ച കളിക്കാരനും അത് തെളിയിച്ചയാളുമാണ്. എന്നിരുന്നാലും, ഈ ലീഗുകൾ എത്ര വേഗതയുള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കണം. എല്ലാ രാജ്യങ്ങളും ഇപ്പോൾ ക്രിക്കറ്റിനോടുള്ള ആധുനിക സമീപനമാണ് പിന്തുടരുന്നത്, അതിനാൽ അതിനനുസരിച്ച് സ്വയം വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്, അക്മൽ വ്യക്തമാക്കി.

ബിഗ് ബാഷ് ലീഗിൽ എട്ട് മത്സരങ്ങൾ കളിച്ച മുഹമ്മദ് റിസ്വാൻ 101 സ്‌ട്രൈക്ക് റേറ്റിൽ 167 റൺസ് മാത്രമാണ് ഇതുവരെ നേടിയത്. 18 ഫോറും ഒരു സിക്‌സും മാത്രമാണ് റിസ്വാന്റെ അക്കൗണ്ടിൽ ഇതുവരെയുള്ളത്.