ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഹൈദരാബാദിനെ 165 റൺസിന് ഓൾഔട്ടാക്കിയ കൊൽക്കത്ത 18.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഏഴുവിക്കറ്റിനാണ് നൈറ്റ് റൈഡേഴ്സിന്റെ ജയം. അർധസെഞ്ചുറി തികച്ച ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കായി ഫിൻ അലൻ വെടിക്കെട്ടൊരുക്കുന്നതാണ് മൈതാനത്ത് കണ്ടത്. രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം നാലാം ഓവറിൽ പിറന്നതാകട്ടെ 27 റൺസാണ്. എന്നാൽ ഓവറിലെ അവസാനപന്തിൽ അലൻ പുറത്തായി. 13 പന്തിൽ നിന്ന് 29 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാലോവർ അവസാനിക്കുമ്പോൾ ടീം 49 റൺസിലെത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച അജിങ്ക്യ രഹാനെയും ആംഗ്രിഷ് രഘുവംശിയും ഹൈദരാബാദ് ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തിയതോടെ കൊൽക്കത്ത അതിവേഗം ലക്ഷ്യത്തോടടുത്തു.
രണ്ടാം വിക്കറ്റിൽ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. റൺറേറ്റ് പത്ത് എന്ന നിലയിൽ ഇരുവരും കൊൽക്കത്ത സ്‌കോർ മുന്നോട്ടുകൊണ്ടുപോയി. ഹൈദരാബാദ് ബൗളർമാർ മാറി മാറിയെഞ്ഞെങ്കിലും ശ്രദ്ധയോടെ ബാറ്റേന്തിയ രഹാനെയും രഘുവംശിയും പത്തോവറിൽ ടീമിനെ 105 റൺസിലെത്തിച്ചു. അപ്പോഴേക്കും എസ്ആർഎച്ചിന്റെ ജയപ്രതീക്ഷകൾക്ക് മങ്ങലേറ്റ് തുടങ്ങിയിരുന്നു. പതിയെ സ്‌കോറുയർത്തിയ ഇരുവരും ഹൈദരാബാദിന്റെ സാധ്യതകൾ ഇല്ലാതാക്കികൊണ്ടിരുന്നു. 14-ാം ഓവറിൽ രഘുവംശി അർധസെഞ്ചുറിയും തികച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ രഹാനെയെ സാക്കിബ് ഹുസൈൻ പുറത്താക്കി. 36 പന്തിൽ 43 റൺസെടുത്താണ് കൊൽക്കത്ത ക്യാപ്റ്റൻ മടങ്ങിയത്. പിന്നീട് റിങ്കു സിങ്ങും കാമറൂൺ ഗ്രീനും ചേർന്ന് ടീമിനെ ജയത്തിലെത്തിച്ചു. റിങ്കു സിങ് 11 പന്തിൽ നിന്ന് 22 റൺസെടുത്തു.
നേരത്തേ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് 19 ഓവറിൽ 165 റൺസിന് പുറത്തായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും വരുൺ ചക്രവർത്തിയും സുനിൽ നരെയ്‌നും ചേർന്ന് ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. ഏഴോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ നിന്നാണ് എസ്ആർഎച്ച് തകർന്നടിഞ്ഞത്. അർധസെഞ്ചുറി തികച്ച ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന്റേത് വെടിക്കെട്ട് തുടക്കമായിരുന്നു. ട്രാവിസ് ഹെഡ് കത്തിക്കയറിയതോടെ ടീം മൂന്നോവറിൽ 37 റൺസിലെത്തി. 15 റൺസെടുത്ത് അഭിഷേക് ശർമ പുറത്തായെങ്കിലും ഹെഡ് എസ്ആർഎച്ച് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. കെകെആർ ബൗളർമാരെ പ്രഹരിച്ച ഹെഡ് 22 പന്തിൽ അർധസെഞ്ചുറിയും തികച്ചു. ഏഴോവർ അവസാനിക്കുമ്പോൾ 84-1 എന്ന നിലയിലായിരുന്നു ടീം. ഒൻപതാം ഓവറിൽ ടീം നൂറുകടന്നെങ്കിലും വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്ത തിരിച്ചടിച്ചു.
അടിച്ചുകളിച്ച ഹെഡിനെ വരുൺ ചക്രവർത്തിയാണ് മടക്കിയത്. 28 പന്തിൽ നിന്ന് താരം 61 റൺസെടുത്തു. പിന്നാലെ ഹെന്റിച്ച് ക്ലാസനും(11) സ്മരൺ രവിചന്ദ്രനും(4) പുറത്തായി. കൊൽക്കത്ത ബൗളർമാർ പിടിമുറുക്കിയതോടെ ഹൈദരാബാദ് ബാറ്റർമാർ നിരനിരയായി പവലിയനിലേക്ക് മടങ്ങി. അനികേത് വർമ ആറുറൺസ് മാത്രമെടുത്തപ്പോൾ ഇഷാൻ കിഷൻ 29 പന്തിൽ നിന്ന് 42 റൺസെടുത്തും പുറത്തായി. അതോടെ 16 ഓവറിൽ 148-7 എന്ന നിലയിലേക്ക് എസ്ആർഎച്ച് കൂപ്പുകുത്തി. ശേഷിക്കുന്ന വിക്കറ്റുകൾ കൂടി വീഴ്ത്തി കൊൽക്കത്ത എസ്ആർഎച്ചിനെ ഓൾഔട്ടാക്കി. കെകെആറിനായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റും കാർത്തിക് ത്യാഗി, സുനിൽ നരെയ്ൻ എന്നിവർ രണ്ട് വീതം വിക്കറ്റുമെടുത്തു.
Content Highlights: Sunrisers Hyderabad vs Kolkata Knight Riders
Published: 03 May 2026, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented