ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഗംഭീർ തനിക്കെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്നും 'ഒത്തുകളിക്കാരൻ എന്നും 'രാജ്യദ്രോഹി' എന്നും വിളിച്ച് ആക്ഷേപിച്ചുവെന്നും ശ്രീശാന്ത് തുറന്നടിച്ചു.

To advertise here,

2023 ഡിസംബറിൽ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും തമ്മിൽ മൈതാനത്ത് വെച്ച് തർക്കത്തിലേർപ്പെട്ടിരുന്നു. അന്ന് ഗംഭീർ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രീശാന്ത് പറയുന്നത്. ഗംഭീറിന് നേരെ താൻ ഒരു ബൗൺസർ എറിഞ്ഞതിനു പിന്നാലെയായിരുന്നു തന്നെ 'ഒത്തുകളിക്കാരൻ' എന്നു വിളിച്ചെന്ന് ശ്രീശാന്ത് പറഞ്ഞു. ഇക്കാര്യം അന്നുതന്നെ ശ്രീശാന്ത് പറഞ്ഞിരുന്നെങ്കിലും വിശദാംശങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്.

മത്സരത്തിനിടെ ഒരു ബൗൺസർ എറിഞ്ഞപ്പോഴാണ് ഗംഭീർ പ്രകോപിതനായതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. തന്നെ 'ഫിക്‌സർ' എന്ന് വിളിച്ചു. താൻ മുന്നോട്ടു ചെന്നപ്പോൾ എഫ്-വേർഡ് ഉപയോഗിച്ച് ചീത്തവിളിക്കാൻ തുടങ്ങി. പിന്നീട് ഫിക്‌സർ' എന്നും രാജ്യദ്രോഹി എന്നും ആവർത്തിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞു.