തെങ്ങിനും കമുകിനും ഒരേ തളപ്പിടരുതെന്നൊരു പറച്ചില്‍ നാട്ടിന്‍പുറങ്ങളിലുണ്ട്. മലയാളിയോട് ഇതിന്റെയര്‍ഥം വിശദീകരിക്കേണ്ടതില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിനോട് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ട്വന്റി-20 മോഡില്‍ ടെസ്റ്റ് കളിച്ചാല്‍ ചിലപ്പോഴൊക്കെ ശരിയാകും. ശരിയാകാതിരിക്കാനാണ് സാധ്യത കൂടുതല്‍. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് സീരീസ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിനും അതു തോന്നുന്നുണ്ടാകും. രണ്ടിനും രണ്ടു സമീപനം വേണം. 2012-നു ശേഷം ആദ്യമായായി ഒരു ടെസ്റ്റ് സീരീസ് ഇന്ത്യ തോറ്റു. അതും വില്യംസണ്‍ ഇല്ലാതെയിറങ്ങിയ കിവീസിനോട്. ശ്രീലങ്കയോട് തോറ്റിട്ടുവന്ന ടീമായിരുന്നു അത്. എന്നിട്ടും ഇന്ത്യ അവര്‍ക്കുമുന്നില്‍ ചൂളിപ്പോയി. മൂന്നോ അതിലധികമോ ടെസ്റ്റുള്ള സീരീസില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.

To advertise here,

എന്താണ് സംഭവിച്ചത്

പ്രശ്നം തുടങ്ങിയത് ബംഗ്ലാദേശിനെതിരേ കാണ്‍പുരിലാണ്. ആദ്യത്തെ മൂന്നുദിവസം മഴ കാരണം ആകെ 35 ഓവറേ കളി നടന്നുള്ളൂ. പിന്നെയുള്ള രണ്ടുദിവസംകൊണ്ട് അതിവേഗം കളിച്ച് ഇന്ത്യ ജയം പിടിച്ചെടുത്തതോടെ ലോകത്തെ ഒന്നാംനമ്പര്‍ ടെസ്റ്റ് ടീമായി എല്ലാവരും വാഴ്ത്തി. ആ ടെസ്റ്റില്‍ ഇന്ത്യയ്ക്കാകെ 312 ബോളേ കളിക്കേണ്ടിവന്നുള്ളൂ. അതായത് കേവലം 52 ഓവര്‍. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ റണ്‍റേറ്റ് 8.22. സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കുന്നവര്‍ ഇതൊരു ട്വന്റി-20 മത്സരമാണോയെന്ന് അത്ഭുതപ്പെടും. ബംഗ്ലാദേശിനെതിരേ ഉപയോഗിച്ച അതേ തളപ്പ് ന്യൂസിലാന്‍ഡിനെതിരേയും പുറത്തെടുത്തപ്പോഴാണ് തിരിച്ചടിയുണ്ടായത്. രണ്ടു ടീമുകളും തമ്മില്‍ വ്യത്യാസമുണ്ട്, കുറച്ചുകൂടി നന്നായി ഒരുങ്ങിയാണ് കിവീസ് വന്നത്. തോറ്റെങ്കിലും ശ്രീലങ്കക്കെതിരേ സ്പിന്‍ കളിച്ചാണ് അവര്‍ ഇന്ത്യയിലേക്കെത്തിയത്. അനുഭവസമ്പത്ത് അവര്‍ക്ക് തുണയായി.

തുടക്കംമുതല്‍ പിഴച്ചു

ബെംഗളുരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ത്തന്നെ ഇന്ത്യയ്ക്കു പിഴച്ചു. തുടര്‍ച്ചയായ മഴ, മൂടിക്കെട്ടിയ അന്തരീക്ഷം എന്നിവയുണ്ടായിട്ടും ടോസ് കിട്ടിയ രോഹിത് ശര്‍മ്മ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്(തീരുമാനം തെറ്റിപ്പോയെന്ന് പിന്നീട് രോഹിത് സമ്മതിച്ചു). അനുകൂല സാഹചര്യത്തില്‍ പന്തെറിഞ്ഞ മാറ്റ് ഹെന്‍ട്രിയും വില്യം ഒ'റൂര്‍ക്കിയും ചേര്‍ന്ന് ഇന്ത്യയെ 46 റണ്‍സിന് കെട്ടുകെട്ടിച്ചു. ഈ ആഘാതത്തില്‍നിന്ന് തിരിച്ചുവരാന്‍ പരമ്പരയിലുടനീളം ഇന്ത്യയ്ക്കായില്ല. മാനംതെളിഞ്ഞ രണ്ടാമിന്നിങ്സില്‍ ഇന്ത്യ മാനം കാത്തു. പക്ഷേ ആദ്യ ഇന്നിങ്സിലെ കമ്മി നികത്തി ഇന്നിങ്സ് പരാജയം ഒഴിവാക്കിയെന്നു മാത്രം. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍(പുണെ) ഇന്ത്യയ്ക്കു ടോസ് കിട്ടിയില്ല. 113 റണ്‍സിനായിരുന്നു തോല്‍വി. അതുവരെ ഒരിന്നിങ്സില്‍ മൂന്നുവിക്കറ്റിലധികം നേടാത്ത മിച്ചല്‍ സാന്റ്നറുടെ ലെഫ്റ്റ് ആം സ്പിന്നിനു മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര കറങ്ങിവീണു. രണ്ടിന്നിങ്സിലുമായി 13 വിക്കറ്റാണ് സാന്റ്നര്‍ നേടിയത്.

placeholder
യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റുനേട്ടം ആഘോഷിക്കുന്ന മിച്ചല്‍ സാന്റനര്‍ | ഫോട്ടോ: എ.പി.

റാങ്ക് ടേണേഴ്സ്

ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ആഘാതത്തില്‍നിന്നാകും തുടര്‍ന്നുള്ള രണ്ടു ടെസ്റ്റുകള്‍ക്ക് റാങ്ക് ടേണര്‍ വിശേഷിപ്പിക്കാവുന്ന പിച്ചുകള്‍ ഇന്ത്യയൊരുക്കിയത്. അതുപക്ഷേ അങ്ങോട്ട് ആയുധം നല്‍കുന്നതുപോലെയായി. സ്പിന്‍ കളിക്കാന്‍ ഇന്ത്യക്കാര്‍ മികവുറ്റവരാണെന്നത് പഴയ സങ്കല്‍പ്പമാണ്. ട്വന്റി-20 കാലത്ത് കഥമാറി. ഒട്ടും ക്ഷമയില്ലാത്തവരായി നമ്മുടെ ബാറ്റര്‍മാര്‍ മാറി. ക്രീസ് മുഴുവനായി ഉപയോഗിക്കാനോ പന്തിന്റെ ലൈനിലേക്ക് ശരീരമെത്തിക്കാനോ ശ്രമിക്കാതെ അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാനാണ് ബാറ്റര്‍മാര്‍ ശ്രമിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഡിഫന്‍സ് പോലും ഹാര്‍ഡായാണ് ചെയ്യുന്നത്. ഇത് റണ്‍സ് നല്‍കിയേക്കാം. ചിലപ്പോള്‍ പന്ത് ബൗണ്ടറിയും കടക്കും. എന്നാല്‍, കൂടുതല്‍ സ്വിങ്ങും സീമുമുള്ള റെഡ്ബോളില്‍ ഇതേ തന്ത്രം നടക്കില്ല. സോഫ്റ്റ് ഹാന്‍ഡുപയോഗിച്ച് ഡിഫന്‍ഡ് ചെയ്യുന്നതാണ് മുന്‍ കളിക്കാരുടെ രീതി. എഡ്ജുകള്‍ ഫീല്‍ഡര്‍മാരിലേക്ക് എത്താതിരിക്കാന്‍ ഇതു സഹായിക്കും. കളിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബാറ്റ് മുകളില്‍നിന്ന് താഴേക്കു വരുന്നത്(ബാറ്റ് സ്വിങ്) ഗള്ളിയുടെ ദിശയില്‍നിന്നാണെന്ന് പരിശീലകര്‍ പറയുന്നുണ്ട്. ഇത് ഔട്ട്സൈഡ് എഡ്ജിനു സാധ്യതകൂട്ടും. സച്ചിനെപ്പോലുള്ള താരങ്ങളുടെ ബാറ്റ് സ്ട്രെയിറ്റായാണ് താഴേക്കുവന്നിരുന്നത്. ലെഫ്റ്റ് ആം സ്പിന്നര്‍മാരുടെ എവേ  ബോളുകള്‍ പരമാവധി എഡ്ജ് ചെയ്യാതിരിക്കാന്‍ ഇതു സഹായിക്കും. രാഹുല്‍ ദ്രാവിഡ് കളിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബാറ്റും ഗള്ളി ദിശയില്‍നിന്നാണ് താഴേക്കു വന്നിരുന്നതെങ്കിലും പന്തിന്റെ പിന്നില്‍ ശരീരമെത്തിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവുകാരണം അതൊരു പരിമിതിയായി മാറിയില്ലെന്ന് മുന്‍ താരം ഡബ്ല്യു.വി.രാമന്‍ പറഞ്ഞിരുന്നു. ഗള്ളി ദിശയില്‍നിന്ന് ബാറ്റ് പുറപ്പെടുമ്പോഴാണ് ഷോട്ടിനുള്ള പവര്‍ കിട്ടുന്നതെന്നും ഇത് ട്വന്റി-20 മത്സരങ്ങളുടെ സ്വാധീനംമൂലമാണെന്നും മുന്‍ കേരള താരവും പരിശീലകനുമായ പി.രംഗനാഥന്‍ ചൂണ്ടിക്കാട്ടുന്നു. എത്ര മുതിര്‍ന്ന താരമായാലും ആഭ്യന്തര ക്രിക്കറ്റിലേക്ക് മ്ടങ്ങിപ്പോകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

സമീപനത്തിലെ പ്രശ്നം

ടെസ്റ്റ് ക്രിക്കറ്റിനോടുള്ള നമ്മുടെ സമീപനത്തിലാണ് പ്രശ്നമെന്ന് മുന്‍ കേരള പരിശീലകന്‍ പി.ബാലചന്ദ്രന്‍ പറയുന്നു. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ പവര്‍ കിട്ടാന്‍ ബോട്ടം ഹാന്‍ഡില്‍ ശക്തിചെലുത്തുന്ന ബാറ്റര്‍മാര്‍ അതേരീതി ടെസ്റ്റില്‍ തുടര്‍ന്നാല്‍ കുഴപ്പത്തിലാകും. ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ബാറ്ററെ സംബന്ധിച്ച് ക്രീസിലെ നിലനില്‍പ്പാണ്. വിക്കറ്റെടുക്കലാണ് ബൗളറുടെ ലക്ഷ്യം. ലിമിറ്റഡ് ഓവറില്‍ ബൗളറുടെ ലക്ഷ്യം വിക്കറ്റെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ റണ്‍ നിയന്ത്രിക്കലാകും(കണ്ടെയ്ന്‍മെന്റ്). അടിച്ചുപറത്തലാകും ബാറ്ററുടെ ലക്ഷ്യം. ടെസ്റ്റിന്റെ കാണികള്‍ വേറെയാണ്. അവരെ സിക്സടിച്ച് സന്തോഷിപ്പിക്കലാവരുത് ബാറ്ററുടെ പരിപാടി. ഒരുദിവസം 400 റണ്‍സടിക്കണമെന്ന് ഒരു കോച്ച് നിര്‍ബന്ധിച്ചാല്‍ രണ്ടിങ്സിലുംകൂടി 400 കിട്ടാത്ത സ്ഥിതിവരും-അദ്ദേഹം പറഞ്ഞു.

placeholder
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ അജാസ് പട്ടേല്‍ ട്രോഫിയുമായി | ഫോട്ടോ: എ.എന്‍.ഐ.

ഈ പരമ്പരയില്‍ അഞ്ച് ഇന്നിങ്സിലാണ് ഇടംകൈയനായ അജാസ് പട്ടേല്‍ എറിഞ്ഞത്. 357 റണ്‍സിന് 15 വിക്കറ്റ് വീഴ്ത്തി. സാന്റ്നര്‍ രണ്ടിങ്സില്‍നിന്ന് 13-ഉം(157 റണ്‍സ്) പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ ഫിലിപ്സ് എട്ടും(281 റണ്‍സ്, രണ്ടിങ്സ്) വിക്കറ്റ് വീഴ്ത്തി. ഇഷ് സോധിയുടെ ഒരു വിക്കറ്റുകൂടി ചേര്‍ത്താല്‍ ഇന്ത്യയുടെ 60 വിക്കറ്റില്‍ 37-ഉം വീഴ്ത്തിയത് സ്പിന്നര്‍മാരാണെന്നു കാണാം. കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ അജാസ് പട്ടേലിനെയും സാന്റ്നറെയും കൂടാതെ ഇന്ത്യയിലെത്തി ഇന്ത്യയെ വട്ടംകറക്കിയ വേറെയും ഇടംകൈ സ്പിന്നര്‍മാരുണ്ട്. ടോം ഹാര്‍ട്ലി(ഇംഗ്ലണ്ട്-22 വിക്കറ്റ്), ജാക്ക് ലീച്ച്(ഇംഗ്ലണ്ട്-20വിക്കറ്റ്), സ്റ്റീവ് ഒക്കീഫ്(ഓസ്ട്രേലിയ-19) മോണ്‍ടി പനേസര്‍(ഇംഗ്ലണ്ട്-17), ഡാനിയേല്‍ വെട്ടോറി(ന്യൂസിലാന്‍ഡ്-14) എന്നിവരാണവര്‍. ഇതിനു മുമ്പ് ഇന്ത്യയ്ക്ക് ഇന്ത്യയില്‍ പരമ്പര നഷ്ടപ്പെട്ട 2012-ലായിരുന്നു പനേസറിന്റെ തേരോട്ടം. അന്നദ്ദേഹം 'അണ്‍പ്ലെയബിള്‍' എന്നാണ് വിലയിരുത്തപ്പെട്ടത്. ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള ബാറ്റര്‍മാര്‍പോലും മികച്ച സ്പിന്നിനെതിരേ പകച്ചിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാ ടെസ്റ്റിലും പരാജയപ്പെടുന്ന അപൂര്‍വ്വ സാഹചര്യമാണ് ഇത്തവണയുണ്ടായത്.

സ്വീപ്പ്, റിവേഴ്സ് സ്വീപ്പ്

ഈവര്‍ഷം ജനുവരിയില്‍ ഹൈദരബാദില്‍ നടന്ന ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് നോക്കാം. ഇന്ത്യന്‍ സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്ന് ഇംഗ്ലീഷ് താരം ഒലി പോപ്പ് അന്നു കാണിച്ചുതന്നു. സ്വീപ്പ് ഷോട്ടുകളായിരുന്നു അദ്ദേഹത്തിന്റെ 196 റണ്‍സ് നീണ്ട ഇന്നിങ്സിന്റെ മുഖമുദ്ര. ന്യൂസിലാന്‍ഡിന്റെ വില്‍ യങ്ങും ഡാരില്‍ മിച്ചലും അതേ തന്ത്രംതന്നെയാണ് പ്രയോഗിച്ചത്. കെയ്ന്‍ വില്യംസണു പകരമെത്തിയ യങ് എത് സമര്‍ഥമായും ക്ഷമയോടെയുമാണ് കളിച്ചതെന്ന് അദ്ദേഹത്തിന്റെ ഇന്നിങ്സ് കണ്ടവര്‍ക്കറിയാം. മൂന്നാം ടെസ്റ്റില്‍(വാംഖഡെ) ചലഞ്ചിങ് കണ്ടിഷനില്‍ ആദ്യ ഇന്നിങ്സില്‍ 71(138 ബോള്‍,  സ്ട്രൈക്ക് റേറ്റ് 51.44), രണ്ടാം ഇന്നിങ്സില്‍ 51(100 ബോള്‍-സ്ട്രൈക്ക് റേറ്റ് 51.00) എന്നിങ്ങനെയാണ് യങ്ങിന്റെ സ്‌കോര്‍. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 33 റണ്‍സ് നേടിയത് 73 ബോളിലാണ്. സ്ട്രൈക്ക് റേറ്റ് 45.20. മറ്റിങ്സുകളില്‍ കുറച്ചുകൂടി വേഗത്തില്‍ കളിച്ചുവെന്നു കാണാം. സാഹചര്യത്തിനനുസരിച്ചാണ് യങ് കളിയുടെ വേഗം ക്രമീകരിച്ചതെന്നു സാരം. അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളും കൂടുതല്‍ സ്വീപ് ഷോട്ടുകള്‍ കളിച്ചു. ഒപ്പം റിവേഴ്സ് സ്വീപ്പുകളും. അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച രീതിയില്‍ മുന്നേറുമ്പോഴാണ് യശസ്വി ജയ്സ്വാളിന്റെ റിവേഴ്സ് സ്വീപ്പ് വന്നതും അജാസ് പട്ടേലിന്റെ പന്തില്‍ ലെഗ് സ്റ്റമ്പ് നഷ്ടപ്പെടുന്നതും. തുടര്‍ന്ന്, നേരേചൊവ്വേ ബാറ്റു പിടിക്കാനറിയാത്ത മുഹമ്മദ് സിറാജിനെ നൈറ്റ് വാച്ച്മാനായി വിട്ടതുതന്നെ ഇന്ത്യന്‍ ടീമിന്റെ കണ്‍ഫ്യൂസ്ഡ് മൈന്‍ഡ്സെറ്റാണ് കാണിച്ചത്. ആദ്യ പന്തില്‍ത്തന്നെ എല്‍.ബി.യായി സിറാജ് പുറത്ത്. എത്രയോ തവണ നൈറ്റ് വാച്ച്മാന്‍ റോള്‍ കളിച്ചിട്ടുള്ള അശ്വിനൊക്കെയുള്ളപ്പോഴാണ് ഇങ്ങനെയൊരു 'അക്രമ'ത്തിന് ടീം മുതിര്‍ന്നത്. തുടര്‍ന്നെത്തിയ വിരാട് കോലിയാകട്ടെ ഇല്ലാത്ത റണ്ണിനോടി പുറത്തായി. തുടര്‍ച്ചയായ പരാജയങ്ങളില്‍ ഉലഞ്ഞ കോലി എത്രയും പെട്ടെന്ന് നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലേക്ക് മാറാന്‍ ഓടിയതാണെന്നുപോലും ആക്ഷേപമുയര്‍ന്നു. അന്നത്തെ കളിതീരാന്‍ ഏതാനും മിനിട്ടുകള്‍ മാത്രം ശേഷിക്കെ ജയ്സ്വാളിന്റെ അനാവശ്യഷോട്ടാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്നു കാണാം. ഓരോ ടെസ്റ്റിലും ബാറ്റിങ് പൊസിഷന്‍ മാറേണ്ടിവന്ന സര്‍ഫ്രറാസിന്റെ ചില ഷോട്ടുകളും ചോദ്യംചെയ്യപ്പെട്ടു. ഫുള്‍ടോസില്‍ ക്യാച്ചു നല്‍കി മടങ്ങുന്നതു കണ്ടു. സൂപ്പര്‍ താരം വിരാട് കോലിയും ഫുള്‍ടോസില്‍ ക്ലീന്‍ബൗള്‍ഡായി. വാംഖഡെ ടെസ്റ്റില്‍ സ്പിന്നിന് കൂടുതല്‍ അനുകൂലമാകുകയായിരുന്ന മൂന്നാംദിവസം പുള്‍ഷോട്ടിലൂടെയാണ് രോഹിത് പുറത്തായത്. ഇംഗ്ലണ്ട്സീരീസില്‍ ഇന്ത്യന്‍ ബാറ്റിങ് 39.74 റണ്‍സ്/  വിക്കറ്റായിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് ആയപ്പോഴേക്കും അത് 21.55 റണ്‍സ്/ വിക്കറ്റായത് തകര്‍ച്ചയുടെ ആഴം കാണിക്കുന്നു. ഒരിക്കല്‍ ഇന്ത്യന്‍ ടീമിലെത്തിയാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതില്‍ താരങ്ങള്‍ക്കു താത്പര്യമില്ല. സീനിയറായിക്കഴിഞ്ഞാല്‍ കളിക്കുകയേയില്ല. ഇതും തുടര്‍ച്ചയായുള്ള ഷെഡ്യൂളും പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് പി.രംഗനാഥന്‍ പറഞ്ഞു.

placeholder
വിരാട് കോലിയും രോഹിത് ശര്‍മയും | ഫോട്ടോ: എ.എഫ്.പി

ട്വന്റി-20 ലോകകപ്പ് കഴിഞ്ഞയുടനെ ബംഗ്ലാദേശ് സീരീസ്, തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡെത്തി. ഉടന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം. നവംബര്‍ 22 മുതല്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് സീരീസ്. ഫോര്‍മാറ്റുകള്‍ പെട്ടെന്നു മാറിമാറിക്കളിക്കാന്‍ കളിക്കാര്‍ക്കു കഴിയുന്നില്ലെന്നും ട്വന്റി-20 മൈന്‍ഡ് സെറ്റോടെയാണ് എല്ലാ കളിയെയും സമീപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡി.ആര്‍.എസ്. വന്നപ്പോള്‍
 
ഡിസിഷന്‍ റിവ്യൂ സിസ്റ്റം(ഡി.ആര്‍.എസ്.) വന്നതോടെ സ്പിന്‍ കളിക്കുന്നത് മുന്‍കാലത്തെക്കാള്‍ കുറച്ചു ബുദ്ധിമുട്ടായെന്നതു സത്യമാണ്. ബാറ്റ്പാഡ് ഡിഫന്‍സ് ചിലപ്പോള്‍ പണി തരാം. പാഡാണ് ഡിഫന്‍സിനുള്ള ആദ്യപടി എന്ന സങ്കല്‍പ്പവും മാറി. എല്ലാ പന്തും ബാറ്റുകൊണ്ട് കളിക്കാന്‍ കളിക്കാര്‍ നിര്‍ബന്ധിതരായി. ഇത് ഔട്ടിനുള്ള സാധ്യതകൂട്ടി. പക്ഷേ, മറ്റു ടീമുകള്‍ക്കും ഇതേ സാഹചര്യമല്ലേയെന്നു മറുചോദ്യമുണ്ട്. സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ടെക്നിക്കിലും മാറ്റം വരുത്തുന്നവരാണ് താരങ്ങള്‍. ഇവിടെയതു സംഭവിക്കാത്തതാണ് സമീപനത്തിലെ പ്രശ്നം. നമ്മുടെ കളിക്കാര്‍ മോശക്കാരായതുകൊണ്ടല്ല.

ഇനിയെന്ത്?

സാന്റ്നറും പട്ടേലും എറിഞ്ഞതുപോലെ എറിയാന്‍ എന്തുകൊണ്ട് അശ്വിനും ജഡേജയ്ക്കും കഴിഞ്ഞില്ലെന്ന ചോദ്യമുണ്ട്. രണ്ടുപേരും അവരുടെ ടെസ്റ്റ് കരിയറിന്റെ അവസാനഘട്ടത്തിലാണ്. സ്വാഭാവികമായും ആയുധങ്ങളുടെ മൂര്‍ച്ചകുറയാം. കോലി, രോഹിത് ശര്‍മ്മ എന്നിവരുടെ കാര്യവും ഇതുതന്നെയാണ്. ഓസ്ട്രേലിയയില്‍ വലിയൊരു തിരിച്ചുവരവു നടത്താനായില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ ഇവരുടെ സ്ഥാനം ചോദ്യംചെയ്യപ്പെടുമെന്നുറപ്പ്. ഓസ്ട്രേലിയയില്‍ ദയനീയ തോല്‍വിയുണ്ടായാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി രോഹിത ശര്‍മ്മ ഉപേക്ഷിക്കുമെന്നുറപ്പാണ്. ഇപ്പോള്‍ത്തന്നെ വ്യക്തിപരമായ കാരണങ്ങളാല്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ താനുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് രോഹിത് പറഞ്ഞിട്ടുണ്ട്. പകരം ക്യാപ്റ്റനാകുന്നത് ബുംറയാണെങ്കില്‍ മുഴുവന്‍ സീരിസിലും അതു തുടരട്ടെയെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒന്നാം ടെസ്റ്റില്‍ ആരാകും ക്യാപ്റ്റനെന്ന് നേരത്തെ അറിഞ്ഞില്ലെങ്കില്‍ ഒരുക്കങ്ങളെ അതു ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയില്‍ കനത്ത പരാജയം നേരിട്ടാല്‍ കോച്ച് ഗൗതംഗംഭീറിനെതിരേയും ചോദ്യങ്ങളുണ്ടാകും. ശ്രീലങ്കക്കെതിരേ ഏകദിന പരമ്പര തോറ്റാണ് ഗംഭീര്‍ തുടങ്ങിയത്. ഓസ്ട്രേലിയയക്കെതിരായ ടീം തിരഞ്ഞെടുപ്പ് യോഗത്തില്‍ പതിവില്ലാതെ കോച്ചിനെയും സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു. തോറ്റിട്ടുവന്നാല്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ ഇനിയുണ്ടാകില്ല. ഗംഭീറിനെ നീക്കണമെന്ന ആവശ്യം ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല. ഓസ്ട്രേലിയന്‍ പര്യടനം സീനിയര്‍ കളിക്കാര്‍ക്കു മാത്രമല്ല, കോച്ചിനും നിര്‍ണായകമാണ്. സ്വിങ്ങും സീമും ഉള്ള പിച്ചുകളില്‍ കളിക്കില്ല, സ്പിന്‍ പിച്ചില്‍ കളിക്കില്ല, തങ്ങള്‍ 'ഫ്ളാറ്റ് ട്രാക്ക് ബുള്ളീസ്' മാത്രമാണ് എന്ന പരിഹാസമാകും തോറ്റാല്‍ ടീമിനെ കാത്തിരിക്കുന്നത്. പക്ഷേ, ഒരു സീരീസുകൊണ്ട് നമ്മുടെ താരങ്ങള്‍ മോശക്കാരാകുന്നില്ലെന്ന് പി.ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. സ്പിന്‍ കളിക്കാന്‍ നമ്മള്‍ മോശമായപ്പോള്‍ ഫാസ്റ്റ്ബൗളര്‍മാരെ നേരിടാനുള്ള മിടുക്ക് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിവെച്ച് ഓസ്ട്രേലിയന്‍ പര്യടനവും മോശമാകുമെന്ന് വിചാരിക്കാനാകില്ല. തന്റെ പ്രകടനം മോശമായപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് നോക്കാതെ സമയം മാത്രം നോക്കി ബാറ്റ് ചെയ്തത് സച്ചിന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഓരോ അരമണിക്കൂര്‍ വീതം ബാറ്റിങ്(ക്രീസിലെ സര്‍വൈവല്‍) ലക്ഷ്യമിട്ടാണ് കളിച്ചത്. അത്തരം കമ്മിറ്റ്മെന്റാണ് താരങ്ങള്‍ക്കു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.