
ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ യുവതാരം വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിലിറക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മൂന്നാം നമ്പറിൽ സൂര്യവംശി ഒട്ടും കംഫർട്ടബിളായിരുന്നില്ലെന്നും ടീം മാനേജ്മെന്റ് ഈ തീരുമാനത്തിൽ പുനർചിന്തനം നടത്തണമെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.
പരിക്കേറ്റ ഇഷാൻ കിഷന് പകരം പ്ലെയിങ് ഇലവനിൽ ഇടംപിടിച്ച വൈഭവ്, ആറാം ഓവറിൽ ബാറ്റിങ്ങിനിറങ്ങി എട്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടിയത്. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരായി തുടർന്നതോടെയാണ് സൂര്യവംശിക്ക് തനിക്ക് അപരിചിതമായ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യേണ്ടി വന്നത്.
Also Read: വെടിക്കെട്ടായി തിലക് വർമ, അവസാന ഓവറിൽ ഇന്ത്യയ്ക്ക് ആവേശോജ്വല ജയം
'ഒരു യുവ ക്രിക്കറ്ററെ സംബന്ധിച്ച് ഇത്തരമൊരു പ്രകടനത്തെ 'പരാജയം' എന്ന് വിളിക്കാൻ വരട്ടെ. വെള്ളത്തിന് പുറത്തിട്ട ഒരു മീനിനെപ്പോലെ അസ്വസ്ഥനായിരുന്നു,' അശ്വിൻ പറഞ്ഞു.
ഇത്തരം ഘട്ടങ്ങളിൽ ഒരു സീനിയർ താരത്തിന്റെ പിന്തുണ വൈഭവിന് ആവശ്യമായിരുന്നുവെന്നും അശ്വിൻ പറഞ്ഞു. 'ബോൾ നന്നായി ടൈം ചെയ്യാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന സീനിയർ താരം അടുത്തേക്ക് ചെന്ന് ശാന്തനാകാനും ബോളിനടുത്തേക്ക് വന്ന് ശ്രദ്ധയോടെ കളിക്കാനും പറയണമായിരുന്നു. ചിലപ്പോൾ ഒരു ബാറ്ററോട് ബോൾ നന്നായി ശ്രദ്ധിക്കാൻ പറയുന്നത് മാത്രമാകും അവർക്ക് വേണ്ട പോസിറ്റീവിറ്റി നൽകുക. അതിനാൽ ആറാം ഓവറിൽ ബാറ്റിങ്ങിനിറങ്ങുന്നത് അവന്റെ ശൈലിക്ക് ചേർന്നതല്ല'-അശ്വിൻ വ്യക്തമാക്കി.
സൂര്യവംശി, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ എന്നിവരെ ഒരുമിച്ച് കളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റണമെന്നും അശ്വിൻ നിർദേശിച്ചു. സഞ്ജു മുൻപ് ഇന്ത്യക്കായി മൂന്നാം നമ്പറിൽ കളിച്ച് പരിചയമുള്ള താരമാണ്.
മത്സരത്തിൽ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ ജയത്തിലെത്തിച്ച മധ്യനിര താരങ്ങളായ തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, രമൺദീപ് സിംഗ് എന്നിവരെ അശ്വിൻ പ്രശംസിച്ചു. ഇന്ത്യയുടെ ആറ്, ഏഴ്, എട്ട് നമ്പറുകളിൽ വരുന്ന മധ്യനിര ബാറ്റിങ് നിര ഏതൊരു എതിരാളികൾക്കും വലിയ ഭീഷണിയാണെന്നും അശ്വിൻ വിലയിരുത്തി.
Published: 25 Oct 2026, 11:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented