കാണ്‍പുര്‍: ടി20-യില്‍ നിന്നും ടെസ്റ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് ആഗ്രഹമെന്ന് ഷാക്കിബ് വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം സുരക്ഷാകാരണങ്ങളാല്‍ മിര്‍പുരിലെ മത്സരം നടന്നില്ലെങ്കില്‍ വെള്ളിയാഴ്ച ഇന്ത്യയ്‌ക്കെതിരായ മത്സരം തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും താരം പ്രഖ്യാപിച്ചു. കഴിഞ്ഞ ടി20 ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചുവെന്നും ഷാക്കിബ് വ്യക്തമാക്കി. അടുത്തവര്‍ഷം പാക്കിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ ഏകദിനവും മതിയാക്കുമെന്നും താരം പറഞ്ഞു. 

To advertise here,

''പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള ശരിയായ സമയമാണിത്. ടി20-യിലും ഇതേ കാഴ്ചപ്പാടാണ്. ഞാന്‍ ചീഫ് സെലക്ടറുമായും ബിസിബി പ്രസിഡന്റുമായും സംസാരിച്ചിട്ടുണ്ട്, ഇതാണ് ശരിയായ സമയമെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നി.'' - താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2007-ലെ പ്രഥമടി20 ലോകകപ്പ് മുതലുള്ള എല്ലാ ടി20 ലോകകപ്പുകളിലെയും സ്ഥിര സാന്നിധ്യമായിരുന്നു ഷാക്കിബ്. 129 ടി20 മത്സരങ്ങളില്‍ നിന്ന് 2551 റണ്‍സും 149 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 70 ടെസ്റ്റുകളില്‍ നിന്നായി 38.33 ശരാശരിയില്‍ 4600 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റില്‍ 242 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2007 മേയില്‍ ഇന്ത്യയ്‌ക്കെതിരേ തന്നെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് ഷാക്കിബ്. ടെസ്റ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏക ബംഗ്ലാദേശ് ബൗളറും ഷാക്കിബാണ്.

അടുത്തിടെ ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപത്തിനു ശേഷം ഷാക്കിബ് അവിടേക്ക് പോയിട്ടില്ല. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില് അംഗമാണ് ഷാക്കിബ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ റൂബല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഷാക്കിബിനെ പ്രതി ചേര്‍ത്തിരുന്നു.