ലണ്ടന്‍: പാകിസ്താന്‍ ടീമിന് വലിയ ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് സ്റ്റാര്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ ബൗളിങ്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് ട്വന്റി 20 ടൂര്‍ണമെന്റില്‍ നോട്ടിങ്ങാംഷയറിനുവേണ്ടിയാണ് അഫ്രീദി മാസ്മരിക ബൗളിങ് പുറത്തെടുത്തതത്. 

To advertise here,

ബര്‍മിങ്ങാം ബിയേഴ്‌സിനെതിരായ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി അഫ്രീദി കൊടുങ്കാറ്റായി. ഇതോടെ ഒരു റെക്കോഡും താരം സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യ ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം എന്ന റെക്കോഡാണ് അഫ്രീദി എറിഞ്ഞിട്ടത്. പക്ഷേ അഫ്രീദിയുടെ തകര്‍പ്പന്‍ ബൗളിങ്ങിന് പോലും ടീമിനെ രക്ഷിക്കാനായില്ല. നോട്ടിങ്ങാംഷയര്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ബര്‍മിങ്ങാം  19.1 ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കേ മറികടന്നു. 

അലക്‌സ് ഡേവിസ്, ക്രിസ് ബെഞ്ചമിന്‍, ഡാന്‍ മൗസ്ലി, എഡ് ബര്‍ണാര്‍ഡ് എന്നിവരാണ് ഷഹീന്‍ അഫ്രീദിയുടെ ഇരയായത്. മത്സരത്തില്‍ താരം നാലോവറില്‍ 29 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. നാല് വിക്കറ്റെടുത്തെങ്കിലും അഫീദിയ്ക്ക് ഹാട്രിക്ക് സ്വന്തമാക്കാനായില്ല. വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന്റെ തുറുപ്പുചീട്ടാണ് അഫ്രീദി.