കൊച്ചി: പറമ്പിക്കുളം-ആളിയാർ കരാർപ്രകാരം കേരളത്തിന് അർഹമായ വെള്ളം നൽകാനാകില്ലെന്ന കടുത്ത നിലപാടുമായി തമിഴ്‌നാട്. കോതമംഗലത്ത് കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥർ തമ്മിൽ വെള്ളിയാഴ്ച നടന്ന ചർച്ചയിലാണ് വെള്ളത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ തമിഴ്‌നാട് ഉറച്ചുനിന്നത്.
പറമ്പിക്കുളം-ആളിയാർ ചർച്ചയിൽ ഇതാദ്യമായാണ് തമിഴ്‌നാട് ഇത്തരമൊരു വിചിത്രമായ നിലപാടെടുക്കുന്നത്. പാലക്കാട് ചിറ്റൂർപുഴ, ചാലക്കുടിപുഴ എന്നിവയുമായി ബന്ധപ്പെട്ട ജലസേചനപദ്ധതികളെയും ഷോളയാർ, ഇടമലയാർ എന്നീ ഡാമുകളിലെ ജലസംഭരണത്തെയും പ്രതിസന്ധിയിലാക്കുന്നതാണിത്.
ഉദ്യോഗസ്ഥതല ചർച്ചയിൽ തീരുമാനമാകാഞ്ഞതിനെ തുടർന്ന് സർക്കാരുകൾ തമ്മിൽ ചർച്ചനടക്കട്ടെ എന്നതാണ് തമിഴ്‌നാട് മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം. പക്ഷേ, സെക്രട്ടറിതലത്തിൽ ചർച്ച വേണമെന്ന നിലപാടിലാണ് കേരളത്തിന്റെ പ്രതിനിധികൾ.
പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ കേരളത്തിന് ലഭിക്കേണ്ട വെള്ളത്തിന്റെ 65 ശതമാനം മാത്രമാണ് തമിഴ്‌നാട് നൽകിയിരിക്കുന്നത്. ബാക്കി നൽകാനുള്ള വെള്ളത്തിന്റെ കാര്യത്തിലായിരുന്നു ചർച്ച. നവംബർ ആദ്യം മുതൽ മാർച്ച് അവസാനംവരെ ലഭിക്കേണ്ട 4.3 ടി.എം.സി വെള്ളമാണ് കേരളം ചർച്ചയിൽ ആവശ്യപ്പെട്ടത്.
പക്ഷേ, കുടിവെള്ളത്തിന് ആവശ്യമായ 1.5 ടി.എം.സി. വെള്ളമേ നൽകാനാകൂ, ജലസേചനത്തിനുള്ള വെള്ളം തരില്ലെന്ന നിലപാടാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. പറമ്പിക്കുളത്ത് ഒൻപത് ടി.എം.സി. വെള്ളം ഇപ്പോഴുണ്ട്. ഇതിൽ ഏഴ് ടി.എം.സി. വെള്ളം കുടിവെള്ളമെന്ന രീതിയിൽ തമിഴ്‌നാട് കൊണ്ടുപോവുകയും ജലസേചനത്തിന് ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യും.
സർക്കാർതലത്തിൽ ചർച്ച നടക്കണമെങ്കിൽ ആസൂത്രണവും സംസ്ഥാനതല തീരുമാനവും എല്ലാം ആകുമ്പോഴേക്കും ഒരുമാസമെങ്കിലും കഴിയും. അപ്പോഴേക്കും പറമ്പിക്കുളത്തെ വെള്ളത്തിൽ നല്ലൊരു പങ്കും തമിഴ്‌നാട് കൊണ്ടുപോയിട്ടുണ്ടാകും. പിന്നെ കേരളത്തിന് ആവശ്യമായ വെള്ളം കിട്ടാൻ വഴിയില്ലാതാകുമെന്ന് ചർച്ചയിൽ കേരളത്തിന്റെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ തീരുമാനമാകാഞ്ഞതും തമിഴ്‌നാട് കരാറിന് വിരുദ്ധമായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതും കേരളത്തിന്റെ ഉദ്യോഗസ്ഥർ മന്ത്രിതലങ്ങളിൽ രാത്രിയോടെ തന്നെ അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ പ്രതിനിധികളായി ഇറിഗേഷൻ ചീഫ് എൻജിനിയർ ആർ. പ്രിയേഷ്, കെ.എസ്.ഇ.ബി. ചീഫ് എൻജിനിയർ കെ. ബിജു, തമിഴ്‌നാട് ചീഫ് എൻജിനിയർ മുരുകേശൻ, തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് സൂപ്രണ്ടിങ് എൻജിനിയർ ഗാനമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുത്തത്. ഭൂതത്താൻകെട്ടിനടുത്തുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു ചർച്ച.
Content Highlights: Tamil Nadu has taken a firm stance against providing Kerala with its entitled water under the Parambikulam-Aliyar agreement, affecting irrigation projects and water storage in Kerala. Tamil Nadu suggested government-level discussions after no resolution was reached at the official level, while Kerala prefers secretary-level talks. Tamil Nadu has only provided 65% of the water due to Kerala since September, and insists on supplying only drinking water, not irrigation water, which could delay resolutions and impact Kerala's water needs.
Published: 14 Nov 2026, 08:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented