മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാൻ. ഗോവയ്‌ക്കെതിരായ മത്സരത്തിൽ വെടിക്കെട്ട് നടത്തിയ താരം സെഞ്ചുറിയും നേടി. 75 പന്തിൽ നിന്ന് 157 റൺസെടുത്താണ് താരം മടങ്ങിയത്. അടുത്തിടെ നടന്ന ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെടുത്തതിന് പിന്നാലെയാണ് സർഫറാസിന്റെ പ്രകടനം.
മുംബൈക്കായി നാലാമനായി ഇറങ്ങിയാണ് സർഫറാസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 101-2 എന്ന നിലയിൽ നിൽക്കവേ ക്രീസിലെത്തിയ താരം മുഷീർ ഖാനുമായി ഒന്നിച്ച് മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി. 60 റൺസെടുത്ത് മുഷീർ ഖാൻ പുറത്തായെങ്കിലും പിന്നാലെയിറങ്ങിയവരെ ഒരുവശത്തുനിർത്തി സർഫറാസ് തകർത്തടിച്ചു. ഗോവൻ ബൗളർമാരെ നന്നായി പ്രഹരിച്ച സർഫറാസ് 56 പന്തിൽ സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് ശേഷവും ബൗളർമാരെ താരം അടിച്ചുപറത്തി. ഒടുക്കം 157 റൺസെടുത്താണ് താരം പുറത്തായത്.
14 സിക്‌സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അവസാന 57 റൺസ് വെറും 21 പന്തിൽ നിന്നാണ് താരം അടിച്ചെടുത്തത്. സർഫറാസിന്റെ ഇന്നിങ്‌സിന്റെ ബലത്തിൽ മുംബൈ നിശ്ചിത 50-ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 444 റൺസെടുത്തു. ഗോവൻ നിരയിൽ അർജുൻ തെണ്ടുൽക്കറടക്കം ബൗളർമാരെല്ലാം നന്നായി തല്ലുവാങ്ങി. അർജുൻ എട്ടോവറിൽ 78 റൺസാണ് വഴങ്ങിയത്.
ഐപിഎൽ ലേലത്തിൽ അടിസ്ഥാനവിലയായ 75 ലക്ഷം രൂപയ്ക്കാണ് സർഫറാസിനെ ചെന്നൈ ടീമിലെടുത്തത്. വർഷങ്ങൾക്ക് ശേഷമാണ് താരം ഐപിഎല്ലിൽ തിരിച്ചെത്തുന്നത്. 2023 ഏപ്രിലിലാണ് സർഫറാസ് അവസാനമായി ഐപിഎൽ കളിച്ചത്. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡൽഹി ക്യാപിറ്റൽസിനായാണ് അന്ന് താരം പാഡണിഞ്ഞത്.
ഇക്കുറി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ലേലത്തിന് മണിക്കൂറുകൾ മുൻപ് വരെ അതിവേഗ അർധസെഞ്ചുറിയുമായി താരം തിളങ്ങി. രാജസ്ഥാനെതിരേ 15 പന്തിൽ നിന്ന് അർധെസഞ്ചുറി നേടിയാണ് താരം റെക്കോഡിട്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു മുംബൈ ബാറ്ററുടെ അതിവേഗ അർധസെഞ്ചുറിയാണിത്. ഹരിയാണയ്ക്കെതിരേ 18 പന്തിൽ അർധസെഞ്ചുറി നേടി ദിവസങ്ങൾക്കിപ്പുറമാണ് സർഫറാസ് റെക്കോഡ് തിരുത്തിയെഴുതിയത്.
Content Highlights: sarfaraz khan vht century mumbai
Published: 31 Dec 2025, 03:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented