വെല്ലിങ്ടൺ: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് ശക്തമായ നിലയിൽ. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ് ആതിഥേയർ. 70 റൺസെടുക്കുന്നതിനിടയിൽ അഞ്ച് വിക്കറ്റ് നഷ്ടമായ കിവീസ് പിന്നീട് പിടിമുറുക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹെന്റി നിക്കോൾസും ഗ്ലെൻ ഫിലിപ്‌സുമാണ് ന്യൂസീലൻഡിനെ കര കയറ്റിയത്. ഇരുവരും ഇതുവരെ 173 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 221 പന്തിൽ 14 ഫോറിന്റെ അകമ്പടിയോടെ നിക്കോൾസ് 113 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 182 പന്തിൽ നിന്ന് 13 ഫോറിന്റെ സഹായത്തോടെ 94 റൺസാണ് ഇതുവരെ ഫിലിപ്‌സ് നേടിയത്. ഇരുവരും ക്രീസിൽ തുടരുകയാണ്.

To advertise here,

നിക്കോൾസിന്റെ കരിയറിലെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇന്ത്യയ്ക്കെതിരെ ആദ്യത്തേതും. വെല്ലിങ്ടണിൽ 1000 ടെസ്റ്റ് റൺസും താരം പിന്നിട്ടു. ഒരേ വേദിയിൽ 1000 റൺസ് നേടുന്ന ഏഴാമത്തെ ന്യൂസീലൻഡ് ബാറ്റർ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ജസ്പ്രീത് ബുംറയുടെ പന്തിൽ ക്യാപ്റ്റൻ ടോം ലാഥം അക്കൗണ്ട് തുറക്കും മുമ്പ് ബൗൾഡായി. പിന്നാലെ നാല് റൺസെടുത്ത ഡെവോൺ കോൺവേയെ അൻഷുൽ കാംബോജ്, ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നീട് രചിൻ രവീന്ദ്ര ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ആകാശ് ദീപിന് മുന്നിൽ വീണു. 50 പന്തിൽ 15 റൺസായിരുന്നു സംഭാവന. എട്ട് പന്ത് നേരിട്ട ഡാരിൽ മിച്ചലിനെ ബുംറ തിരിച്ചയച്ചു. 22 പന്തിൽ അഞ്ച് റൺസെടുത്ത ടോം ബ്ലണ്ടലും ബുംറയുടെ പേസിന് മുന്നിൽ വീണു. ഇതോടെ അഞ്ച് വിക്കറ്റിന് 70 റൺസ് എന്ന നിലയിൽ തകർച്ചയിലായി ന്യൂസീലൻഡ്. അവിടെ നിന്നാണ് ഫിലിപ്‌സും നിക്കോൾസും ഒത്തുചേർന്നത്.

ഇന്ത്യയ്ക്കായി ബുംറ മൂന്ന് വിക്കറ്റെടുത്തപ്പോൾ അൻഷുൽ കാംബോജ്, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.