വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ നാല് പേസ് ബൗളർമാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. എന്നാൽ അതിൽ മുഹമ്മദ് സിറാജ് ഉൾപ്പെട്ടിരുന്നില്ല. സിറാജിനെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റിന്റെ ഈ നടപടി തനിക്ക് ഞെട്ടലുണ്ടാക്കിയെന്ന് മുൻ താരം സുനിൽ ഗാവസ്‌കർ. മത്സരത്തിന് മുന്നോടിയായി സോണി സ്‌പോർട്‌സിൽ പ്രീ മാച്ച് ഷോയിൽ സംസാരിക്കവെയാണ് ഗാവസ്‌കർ ഇക്കാര്യം പറഞ്ഞത്.

To advertise here,

ഇന്ത്യയുടെ ഏറ്റവും മികച്ച നാല് പേസ് ബൗളർമാരിൽ സിറാജ് ഉൾപ്പെട്ടിട്ടില്ല എന്നത് തന്നെ അമ്പരപ്പിച്ചെന്നും ടെസ്റ്റിൽ സിറാജ് അവസാനമായി ഇന്ത്യയെ നിരാശപ്പെടുത്തിയ മത്സരം ഏതാണെന്ന് പോലും തനിക്ക് ഓർമയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസീലൻഡിനെതിരെ ജസ്പ്രീത് ബുംറ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് കളിക്കാനിറങ്ങിയത്.

'ടെസ്റ്റ് ടീമിനൊപ്പം സിറാജ് നേരത്തെ ചേരാതിരുന്നപ്പോൾ തന്നെ ചില സൂചനകൾ ലഭിച്ചിരുന്നു. അവസാന ഏകദിനത്തിൽ കളിച്ചതോടെ ആദ്യ ടെസ്റ്റിൽ ഉൾപ്പെടുത്തുമെന്നാണ് കരുതിയത്. സിറാജ് ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ല. ഈ തീരുമാനം എന്നെ അദ്ഭുതപ്പെടുത്തി.'-ഗാവസ്‌കർ വ്യക്തമാക്കി.

അതേസമയം സിറാജിനെയും ഗുർനൂർ ബ്രാറിനെയും ഒഴിവാക്കേണ്ടി വന്നത് പ്രയാസകരമായ തീരുമാനമായിരുന്നെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടോസിനുശേഷം പറഞ്ഞു. 'അതു വളരെ പ്രയാസകരമായ തീരുമാനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. കാരണം പേസ് ബൗളർമാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. സിറാജിനും ഗുർനൂറിനും ടീമിൽ ഇടം നൽകാൻ കഴിയാതിരുന്നത് ഏറെ വിഷമകരമാണ്. ഏകദിന പരമ്പരയിലും ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുർനൂർ പരമ്പരയിലെ താരംവരെ ആയിരുന്നു. അതിനാൽ തന്നെ ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല.'-ഗിൽ വ്യക്തമാക്കി.