അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ വിഷ്ണു വിനോദ് തകർത്താടിയ മത്സരത്തിൽ പുതുച്ചേരിയെ തകർത്തെറിഞ്ഞ് കേരളം. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. വിഷ്ണു വിനോദ് സംഹാരരൂപം പൂണ്ടപ്പോൾ പുതുച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം മറികടക്കാൻ കേരളത്തിന് വേണ്ടിവന്നത് വെറും 29 ഓവറുകൾ. എട്ടു വിക്കറ്റിനാണ് കേരളം ജയിച്ചുകയറിയത്.

To advertise here,

വെറും 84 പന്തിൽനിന്ന് പുറത്താകാതെ 162 റൺസെടുത്ത വിഷ്ണു അക്ഷരാർഥത്തിൽ പുതുച്ചേരി ബൗളർമാരെ പഞ്ഞിക്കിടുകയായിരുന്നു. 14 സിക്‌സറുകൾ പറത്തിയ വിഷ്ണു 13 ബൗണ്ടറികളും നേടി. 136 റൺസ് ഇങ്ങനെ ബൗണ്ടറികളിലൂടെ മാത്രം താരം അടിച്ചെടുത്തു. വിഷ്ണു തന്നെയാണ് കളിയിലെ താരവും.

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനുവേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ വിഷ്ണു വിനോദ് സ്വന്തമാക്കി. 2019-ൽ ഛത്തീസ്ഗഢിനെതിരേ വിഷ്ണു വിനോദ് സ്ഥാപിച്ച 11 സിക്സിന്റെ റെക്കോഡിനൊപ്പം കഴിഞ്ഞ മത്സരത്തിൽ രോഹൻ കുന്നുമ്മൽ എത്തിയിരുന്നു. ഈ റെക്കോഡാണ് വിഷ്ണു വിനോദ് വീണ്ടും തിരുത്തിയത്.

69 പന്തിൽനിന്ന് 63 റൺസോടെ പുറത്താകാതെനിന്ന ബാബ അപരാജിതും കേരളത്തിനായി തിളങ്ങി. മൂന്നാം വിക്കറ്റിൽ 147 പന്തിൽനിന്ന് 222 റൺസാണ് വിഷ്ണു വിനോദും ബാബ അപരാജിതും ചേർന്ന് അടിച്ചെടുത്തത്. സഞ്ജു സാംസൺ (11), ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (8) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതിനു ശേഷമായിരുന്നു കേരളത്തെ വിജയത്തിലെത്തിച്ച ഇരുവരുടെയും കൂട്ടുകെട്ട്.

നേരത്തേ ടോസ് നേടിയ കേരളം, പുതുച്ചേരിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 47.4 ഓവറിൽ 247 റൺസിന് പുതുച്ചേരി ഓൾഔട്ടായി. 57 റൺസെടുത്ത ജസ്വന്ത് ശ്രീരാം, 53 റൺസെടുത്ത അജയ് റൊഹേര എന്നിവർ പുതുച്ചേരിക്കായി തിളങ്ങി.

എട്ട് ഓവറിൽ 41 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.