അഹമ്മദാബാദ്: ഏദൻ ആപ്പിൾ ടോമിന്റെ ആറ് വിക്കറ്റ് പ്രകടനവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ വേഗത്തിലുള്ള അർധസെഞ്ചുറിയും കേരളത്തെ തുണച്ചില്ല. നിർണായകമത്സരത്തിൽ തമിഴ്‌നാടിനോട് 77 റൺസിന് തോറ്റ് കേരളം വിജയ് ഹസാരെ ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. സ്കോർ: തമിഴ്‌നാട് 50 ഓവറിൽ എട്ടിന് 294. കേരളം 40.2 ഓവറിൽ 217-ന് പുറത്ത്. എലൈറ്റ് എ ഗ്രൂപ്പിൽ ഏഴ് കളിയിൽ നിന്ന് 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. കർണാടക (24), മധ്യപ്രദേശ് (20) ടീമുകൾ ക്വാർട്ടറിൽ കടന്നു.

To advertise here,

സൂപ്പർതാരം സഞ്ജു സാംസണില്ലാതെ കളിച്ച കേരളത്തിന് തമിഴ്‌നാട് ഉയർത്തിയ ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. രോഹൻ 45 പന്തിൽ 73 റൺസ് നേടി മികച്ച തുടക്കമിട്ടെങ്കിലും മറ്റ് ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതാണ് തിരിച്ചടിയായത്. ബാബാ അപരാജിത് (35), വിഷ്ണു വിനോദ് (35) എന്നിവരാണ് പൊരുതിയ മറ്റ് ബാറ്റർമാർ. കൃഷ്ണപ്രസാദ് (14), സൽമാൻ നിസാർ (25), മുഹമ്മദ് അസ്ഹറുദ്ദീൻ (ഒന്ന്), അങ്കിത് ശർമ (ഏഴ്) ഷറഫുദ്ദീൻ (ഒന്ന്) എന്നിവർക്ക് അധികം പിടിച്ചുനിൽക്കാനായില്ല. തമിഴ്‌നാടിനായി സച്ചിൻ രാത്തിയും മുഹമ്മദ് അലിയും നാല് വീതം വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത തമിഴ്‌നാട് എൻ. ജഗദീശിന്റെ സെഞ്ചുറിമികവിലാണ് മികച്ച സ്കോറിലെത്തിയത്. 126 പന്തിൽ 139 റൺസാണ് താരം നേടിയത്. എസ്.ആർ ആതിഷ് (33), ഭൂപതി കുമാർ (35) എന്നിവർ മികച്ച പിന്തുണ നൽകി. കേരളത്തിനായി ആപ്പിൾ ടോം 46 റൺസിനാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്.