മുംബൈ: എംഎസ് ധോനി ഐപിഎൽ കരിയർ അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. കാൽമുട്ടിലെ വേദനയാണ് ധോനിയുടെ തീരുമാനത്തിന് പിന്നിലെന്നും രണ്ട് കാൽമുട്ടുകളിലും നീരുണ്ടെന്നും റെയ്ന വ്യക്തമാക്കി. ദീർഘകാലം ചെന്നൈ സൂപ്പർ കിങ്‌സിൽ ധോനിയുടെ സഹതാരമായിരുന്നു റെയ്‌ന.

To advertise here,

'ഫിറ്റ്‌നസ് വീണ്ടെടുക്കാനാകുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. അതിനായി ജിമ്മിൽ കഠിനമായി ശ്രമിക്കുകയും ചെയ്തു. കാൽമുട്ടിൽ നീർവീക്കം ഉണ്ടായശേഷം താൻ ഒരിക്കലും ഒരു ഇംപാക്ട് പ്ലെയർ ആകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്.'-റെയ്‌ന ജിയോസ്റ്റാറിനോട് വ്യക്തമാക്കി.

ഐപിഎല്ലിലെ ഏറ്റവും വലിയ ബ്രാൻഡാണ് ധോനിയെന്നും റെയ്‌ന പറയുന്നു. 'അദ്ദേഹം ചെന്നൈ ടീമിനും ഐപിഎല്ലിനുംവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആരാധകരിൽ നിന്നും വ്യവസായ പ്രമുഖരിൽ നിന്നും സി.ഇ.ഒമാരിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച സ്‌നേഹം അതിശയകരമാണ്. സിഎസ്‌കെ ഇത്രയധികം വർഷങ്ങൾ നിലനിന്നിട്ടുണ്ടെങ്കിൽ അത് മഹി ഭായിയും 'വിസിൽ പോഡു ആർമി'യിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച പിന്തുണയും കൊണ്ടാണ്. സ്റ്റീഫൻ ഫ്‌ളെമിങ്ങിനൊപ്പം അദ്ദേഹം വളരെ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഐപിഎല്ലിൽ ഇത്രയധികം വർഷങ്ങൾ കളിക്കുകയും ഇത്രയും വലിയൊരു കളിക്കാരനായി മാറുകയും ചെയ്‌തെങ്കിലും, ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മൾ അദ്ദേഹത്തിൽ നിന്ന് പഠിച്ച കാര്യങ്ങൾ അതിലും എത്രയോ വലുതാണെന്നാണ് ഞാൻ കരുതുന്നത്.'-സുരേഷ് റെയ്‌ന കൂട്ടിച്ചേർത്തു.