മുംബൈ: ടി 20 ലോകകപ്പിൽ അഞ്ച് ഇന്നിങ്സിൽനിന്ന് 321 റൺസ് നേടി പരമ്പരയിലെ താരമായ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി കോച്ച് ഗൗതം ഗംഭീർ. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സ് ടീമിന്റെ ടൂർണമെന്റിലെ വഴിത്തിരിവായെന്നാണ് ഗംഭീറിന്റെ നിരീക്ഷണം. സഞ്ജുവിന്റെ ആത്മവിശ്വാസവും വർധിച്ചു. മലയാളിതാരത്തെ ചില മത്സരങ്ങളിൽനിന്ന് മാറ്റിനിർത്തിയത് കൃത്യമായ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ന്യൂസീലൻഡിനെതിരേയുള്ള പരമ്പരയ്ക്കുശേഷം അദ്ദേഹത്തിന് വിശ്രമം ആവശ്യമായിരുന്നു. നെറ്റ്സിൽ മികച്ച പ്രകടനം സഞ്ജു കാഴ്ചവെച്ചിരുന്നു.

To advertise here,

വിൻഡീസിനെതിരേ സൂപ്പർ എട്ടിൽ 195 റൺസ് പിന്തുടരുന്നത് അത്ര എളുപ്പമല്ല. ഞങ്ങൾക്കത് ഒരു വെർച്വൽ ക്വാർട്ടർ ഫൈനലായിരുന്നു. മത്സരത്തിൽ അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ അനായാസതയും ശാന്തതയുംകൊണ്ട് നമ്മൾ ശരിയായ പാതയിലായിയെന്നാണ് എന്റെ വിശ്വാസം. ഇതോടെ, ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസവും ലഭിച്ചു.

വെസ്റ്റ് ഇൻഡീസ് മത്സരത്തിനുശേഷം സഞ്ജു ഫോമിലായതോടെ ഓപ്പണിങ്ങിൽ ഒരു കോമ്പിനേഷനായി. ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്ത് എത്തിയതോടെ ടീമിന്റെ കെട്ടുറപ്പ് രൂപ്പപ്പെട്ടുതുടങ്ങിയെന്നും കോച്ച് പറഞ്ഞു. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 27 ഫോറുകളും 24 സിക്‌സറുകളും സഹിതം സഞ്ജു സാംസൺ 321 റൺസാണ് നേടിയത്. ടൂർണമെന്റിൽ ഏറ്റവുംകൂടുതൽ റൺസ് നേടിയ മൂന്നാമത്തെ കളിക്കാരനായി.

97*, 89, 89-സഞ്ജുവിന്റെ ഇന്നിങ്സുകൾ ചൂണ്ടിക്കാട്ടിയാണ് കിരീടനേട്ടത്തിനുശേഷം തന്റെ ടീം എങ്ങനെയാകണമെന്ന് ഗംഭീർ വിവരിച്ചതും. ''അദ്ദേഹത്തിന്റെ മൂന്നു സ്‌കോറുകൾ പരിശോധിക്കൂ. സെഞ്ചുറിക്കുവേണ്ടിയല്ല അദ്ദേഹം കളിച്ചത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ടീമിന് 250 പ്ലസ് റൺസ് നേടാൻ സാധിക്കുമായിരുന്നില്ല. റെക്കോഡുകൾ ഇനി പ്രധാനമാകാനും പോകുന്നില്ല. വ്യക്തിഗത റെക്കോഡുകൾ ഉറപ്പിക്കുന്നത് അവസാനിപ്പിക്കുക, കിരീടങ്ങൾ ആഘോഷിക്കുക''.