ഫുട്ബോളിൽ ലോക ചാമ്പ്യൻമാരാണ് സ്പെയിൻ. എന്നാൽ ഇപ്പോഴിതാ ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നടന്ന ടി20 ലോകകപ്പ് യൂറോപ്പ് യോഗ്യതാ മത്സരത്തിൽ ഫിൻലൻഡിനെ പരാജയപ്പെടുത്തിയതോടെ ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോഡ് ബുക്കിലും സ്പെയിൻ ഇടംപിടിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്പെയിനിന്റെ തുടർച്ചയായ 21-ാം വിജയമായിരുന്നു ഇത്. ഇതോടെ റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ടീം കുറിച്ച തുടർച്ചയായ 20 ജയങ്ങളെന്ന റെക്കോഡ് സ്‌പെയിൻ ടീമിനു മുന്നിൽ വഴിമാറി.

To advertise here,

2003-ലെ ഏകദിന ലോകകപ്പ് വിജയം ഉൾപ്പെടെ 17 ഏകദിനങ്ങളും പിന്നീട് വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ജയിച്ചുകൊണ്ടാണ് അന്ന് ഓസ്ട്രേലിയ ഈ നേട്ടം കൈവരിച്ചിരുന്നത്. എന്നാൽ ഫിൻലൻഡിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ സ്പെയിൻ ഈ റെക്കോഡ് സ്വന്തം പേരിലാക്കി.

ഐസിസി ടി20 റാങ്കിങ്ങിൽ 28-ാം സ്ഥാനത്തുള്ള സ്പെയിൻ, കഴിഞ്ഞ മൂന്ന് വർഷമായി അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. ഐൽ ഓഫ് മാനെതിരായ വിജയത്തോടെ തുടങ്ങിയ ഈ കുതിപ്പിൽ ജേഴ്സി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഫിൻലൻഡ് എന്നീ ടീമുകളെ അവർ പരാജയപ്പെടുത്തി. 2024-ൽ തുടർച്ചയായ 14 വിജയങ്ങളും 2025-ൽ ആറ് വിജയങ്ങളും നേടിയ അവർ, 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഓസ്ട്രേലിയയുടെ റെക്കോഡ് ഭേദിക്കുകയായിരുന്നു.

2028-ലെ ടി20 ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾക്ക് ഈ വിജയം സ്പെയിനിന് വലിയ കരുത്തേകും. 2019 ജനുവരി മുതൽ കളിച്ച 50 ടി20 മത്സരങ്ങളിൽ 41 എണ്ണത്തിലും വിജയിക്കാൻ സ്പെയിനിന് സാധിച്ചിട്ടുണ്ട്, കേവലം എട്ട് മത്സരങ്ങളിൽ മാത്രമാണ് അവർ പരാജയപ്പെട്ടത്.