തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഇടവേളയിലാണ് മലയാളി താരം സഞ്ജു സാംസൺ. സിംബാബ് വെയ്‌ക്കെതിരായ പരമ്പരയിൽ താരം ഉൾപ്പെട്ടിരുന്നില്ല. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസാണ് സഞ്ജുവിന് മുൻപിലുള്ള അടുത്ത ടൂർണമെന്റ്. ഇപ്പോഴിതാ സഞ്ജു പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മോളിവുഡിലെ സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. ടീം സാംസൺ എന്ന അക്കൗണ്ട് പങ്കുവെച്ച ചിത്രം സഞ്ജു തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്‌റ്റോറിയായി റീഷെയർ ചെയ്യുകയായിരുന്നു.

To advertise here,

സഞ്ജു സാംസണും മോഹൻലാലും ഒരു വാഹനത്തിനുള്ളിൽ നിന്നെടുത്ത സെൽഫിയാണിത്. സവിശേഷമായ എന്തോ ഒന്ന് വരുന്നുണ്ട്, എന്ന ക്യാപ്ഷനോടെയാണ് ടീം സാംസൺ എന്ന അക്കൗണ്ട് ചിത്രം പങ്കുവെച്ചത്. സഞ്ജുവും സമാനമായ രീതിയിലാണ് കുറിച്ചത്. എക്കാലത്തെയും മികച്ചവനായ ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാനായത് സവിശേഷമായ അനുഭവമാണ്. - സഞ്ജു ചിത്രത്തോടൊപ്പം കുറിച്ചു.

ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്‌സും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചേട്ടനും ഏട്ടനും എന്ന അടിക്കുറിപ്പോടെയാണ് ചെന്നൈ ചിത്രം പോസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ചിത്രത്തിന് പിന്നിൽ സസ്പെൻസ് ഉണ്ടെന്ന കാര്യം ആരാധകർ ഉറപ്പിക്കുന്നുണ്ട്. എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

തന്റെ കരിയറിലെ വ്യത്യസ്ത റോളുകളുമായി പൊരുത്തപ്പെടാൻ മോഹൻലാലിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായി സഞ്ജു കഴിഞ്ഞവർഷം പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിലെ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മലയാളി താരം. ഓപ്പണിങ് സ്ഥാനത്ത് ഇന്ത്യയ്ക്കായി മൂന്ന് സെഞ്ചുറികൾ നേടിയ താരമാണ് നിങ്ങൾ. താങ്കൾക്ക് ഏറ്റവും കംഫർട്ടബിളായ പൊസിഷൻ ഏതാണെന്നായിരുന്നു സഞ്ജുവിനോടുള്ള മഞ്ജരേക്കറുടെ ചോദ്യം.

''അടുത്തിടെ നമ്മുടെ ലാലേട്ടന്, കേരളത്തിൽ നിന്നുള്ള സിനിമാ നടനായ മോഹൻലാലിന് രാജ്യത്തിന്റെ ഒരു വലിയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ 30-40 വർഷമായി അഭിനയിക്കുന്നു. ഞാനും കഴിഞ്ഞ 10 വർഷമായി രാജ്യത്തിനായി കളിക്കുന്നു. അതുകൊണ്ട് എനിക്ക് ഹീറോ റോൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് പറയാൻ കഴിയില്ല. എനിക്ക് വില്ലൻ റോളും ജോക്കർ റോളുമെല്ലാം ചെയ്യണം. ഓപ്പണറായി റൺസ് നേടിയിട്ടുണ്ട് എന്നുവെച്ച് നിങ്ങൾ ടോപ്പ് 3-യിലെ മികച്ചവനാണെന്ന് പറയാൻ പറ്റില്ല. ഞാൻ ഇതുകൂടി ഒന്ന് ശ്രമിച്ചുനോക്കട്ടെ. എനിക്ക് നല്ലൊരു വില്ലനാകാൻ സാധിക്കില്ലെന്ന് ആരുകണ്ടു. ഇത് എങ്ങനെയുണ്ടെന്ന് നമുക്ക് നോക്കാം. സഞ്ജു മോഹൻലാൽ സാംസൺ.'' - സഞ്ജു തമാശയായി അന്ന് പറഞ്ഞു.