മെൽബൺ: ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ബിഗ് ബാഷ് ലീഗിലെ മുൻനിര റൺവേട്ടക്കാരനുമായ ക്രിസ് ലിന് ഒരു മാസത്തെ വിലക്ക്. ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽസ് ദിനത്തിൽ നോർത്താംപ്ടൺഷെയർ ടീമിനായി കളിക്കുമ്പോൾ നടത്തിയ പതിവ് ആന്റി-ഡോപ്പിങ് പരിശോധനയിലാണ് 36-കാരനായ ലിൻ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയത്. താരം കുറ്റം സമ്മതിക്കുകയും ചെയ്തു.

To advertise here,

ക്രിസ് ലിന്റെ മൂത്ര സാമ്പിളിൽ കൊക്കെയ്‌ന്റെ മെറ്റാബോളൈറ്റായ 'ബെൻസോയ്‌ലെക്‌ഗോനൈൻ' ചെറിയ അളവിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികമായി മൂന്ന് മാസത്തെ സസ്പെൻഷനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ലഹരിവിരുദ്ധ പുനരധിവാസ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് വിലക്ക് ഒരു മാസമായി കുറച്ചു നൽകുകയായിരുന്നു. മത്സരസമയത്തല്ല ലഹരി ഉപയോഗിച്ചതെന്നും കായിക പ്രകടനത്തെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നുമുള്ള താരത്തിന്റെ വാദം നിർണായകമായി.

ഓസ്‌ട്രേലിയക്കായി 18 ടി20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ലിൻ, ബിഗ് ബാഷ് ലീഗിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാണ്. അടുത്ത മാസം ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗ് സീസണിൽ മെൽബൺ റെനഗേഡ്‌സ് ടീമിൽ ലിൻ ചേരുമെന്നാണ് റിപ്പോർട്ടുകൾ.