തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെ തുടർന്ന് പന്തിൽ തുപ്പൽ പുരട്ടുന്നത് വിലക്കിയ നിയമ പരിഷ്കാരം വിക്കറ്റ് കീപ്പർമാർക്ക് ഗുണം ചെയ്യുമെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. ഇത്‌ വിക്കറ്റ് കീപ്പിങ് എളുപ്പമാക്കുമെന്നും എന്നാൽ എല്ലാം സാഹചര്യത്തിന് അനുസരിച്ചായിരിക്കുമെന്നും സഞ്ജു വ്യക്തമാക്കി. ഇന്ത്യയിൽ ഇതു വലിയ ചലനമുണ്ടാക്കില്ലെന്നും അതേ സമയം ബൗളർമാർക്ക് ആനുകൂല്യം ലഭിക്കുന്ന വിദേശ പിച്ചുകളിൽ അതിന്റെ പ്രത്യാഘാതം കാണാമെന്നും സഞ്ജു ചൂണ്ടിക്കാട്ടുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജു.

രാജ്യാന്തര ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരുടെ നിർവചനം മാറ്റിമറിച്ചത് ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റും ഇന്ത്യയുടെ എം.എസ് ധോനിയുമാണെന്നും സഞ്ജു അഭിമുഖത്തിൽ പറയുന്നു. ടീമിലെ വിക്കറ്റ് കീപ്പറുടെ റോളിന് ആദ്യമായി പുതിയ നിർവചനം നൽകിയത് ഗിൽക്രിസ്റ്റാണ്. മുൻനിരയിൽ ബാറ്റിങ്ങിനിറങ്ങി ഗിൽക്രിസ്റ്റ് അടിച്ചുതകർത്തു. പിന്നീട് മധ്യനിരയിൽ ബാറ്റിങ്ങിനിറങ്ങി ധോനിയും ടീമിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോൾ മാറ്റിയെഴുതി.

ഇന്ന് ഒരു ടീമിലെ വിക്കറ്റ് കീപ്പർ ടോപ്പ് ഓർഡറിലോ മിഡിൽ ഓർഡറിലോ ബാറ്റു ചെയ്യുന്ന താരമായിരിക്കണം. ഇതുവഴി ടീമിന് ഒരു അധിക ബൗളറെ ഉൾപ്പെടുത്താനുള്ള അവസരം ലഭിക്കും. 'ഏതു പ്രതിസന്ധിയേയും ശാന്തതയോടെ നേരിടുന്ന ധോനിയുടെ ശൈലി അനുകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അത് എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ഞാൻ എന്റെ ബാറ്റിങ്ങിലേക്ക് അതു കൊണ്ടുവരാൻ ശ്രമിക്കാറുമുണ്ട്.' സഞ്ജു കൂട്ടിച്ചേർത്തു.