മുംബൈ: ഐപിഎല്ലിൽ ഇത്തവണ മികച്ച ഫോമിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസൺ. രണ്ടു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയുമായി ചെന്നൈയുടെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുന്നത് സഞ്ജുവാണ്. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനായി സഞ്ജു, വിരാട് കോലിയുടെ സഹായം തേടണമെന്ന് മഞ്ജരേക്കർ ഉപദേശിച്ചു.

To advertise here,

സഞ്ജു ഇപ്പോൾ മികച്ച ഫോമിലാണെങ്കിലും കരിയറിൽ ദീർഘകാലം തിളങ്ങിനിൽക്കാൻ വിരാട് കോലിയുടെ കായികക്ഷമത മാതൃകയാക്കണമെന്നാണ് മഞ്ജരേക്കർ നൽകുന്ന നിർദേശം. നിലവിൽ സഞ്ജു പൂർണമായ ശാരീരികക്ഷമത കൈവരിച്ചിട്ടില്ലെന്നും, പ്രായം കൂടുന്തോറും ശരീരം ചതിക്കാതിരിക്കാൻ വ്യായാമത്തിൽ ശ്രദ്ധിക്കണമെന്നും മഞ്ജരേക്കർ ഓർമിപ്പിച്ചു. വിരാട് കോലി തന്റെ കരിയറിൽ ഇത്രയധികം കാലം മികച്ച രീതിയിൽ തുടരുന്നത് ഫിറ്റ്നസിന് നൽകുന്ന പ്രാധാന്യം കൊണ്ടാണെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. കഴിവിനൊപ്പം ശരീരം കൂടി ഒത്തുനിന്നാൽ മാത്രമേ കരിയറിൽ ദീർഘകാലം നിലനിൽക്കാൻ സാധിക്കൂ എന്നും, ഫിറ്റ്നസ് എന്നത് ഒരാൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചവരിൽ പ്രധാനിയായതിനൊപ്പം ടൂർണമെന്റിലെ മികച്ച താരമായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ സീസണിൽ ചെന്നൈക്കായി രണ്ട് സെഞ്ചുറികൾ നേടിയിട്ടുമുണ്ട്. ഈ നേട്ടങ്ങൾ തുടർന്നും കൊണ്ടുപോകാൻ ഫിറ്റ്നസ് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മഞ്ജരേക്കർ ഓർമിപ്പിച്ചു.

സഞ്ജുവിനെ കൂടാതെ സൂര്യകുമാർ യാദവിനോടും സമാനമായ രീതിയിൽ ഫിറ്റ്നസിൽ ശ്രദ്ധിക്കാൻ മഞ്ജരേക്കർ ഉപദേശിച്ചിട്ടുണ്ട്.