ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി കളിച്ച ഇന്നിങ്‌സ് ഓര്‍മയില്ലേ. 59 പന്തില്‍നിന്ന് 76 റണ്‍സ്. രോഹിത് ശര്‍മയും ഋഷഭ് പന്തും സൂര്യകുമാര്‍ യാദവും ആദ്യ അഞ്ചോവറിനുള്ളില്‍ തന്നെ പുറത്തായി ഇന്ത്യ മറ്റൊരു ഫൈനല്‍ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്ന് ഭയപ്പെട്ട സമയമായിരുന്നു അത്. പതിയെപ്പതിയെയാണ് കോലി ടീം സ്‌കോര്‍ ഉയര്‍ത്തിയത്. ഇന്ത്യ നേരിട്ട ആ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും ബുദ്ധിപരമായി ബാറ്റുചെയ്തത് കോലിയായിരുന്നു. അഗ്രിഗേറ്റ് പ്രകടനം നോക്കിയാല്‍, 59 പന്തില്‍നിന്ന് 76 റണ്‍സേയുള്ളൂ. ടി20യുടെ കണക്കില്‍ വിലയിരുത്തിയാല്‍ അതത്ര മികച്ച ഇന്നിങ്‌സൊന്നുമല്ല. പക്ഷേ, ഇന്ത്യ ഏറ്റവും ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍, ഏറ്റവും മികച്ച രീതിയില്‍ കളിക്കാനായി എന്നതാണ് അന്ന് കോലിയെ വേറിട്ടുനിര്‍ത്തിയത്. ആ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ കിരീടം നേടിയത്. ആ ഒരൊറ്റ ഇന്നിങ്‌സിന്റെ പേരില്‍ കോലി വലിയ പ്രശംസയ്ക്കും പുകഴ്ത്തലുകള്‍ക്കും പാത്രമായി. 

To advertise here,

അതേ പോലൊരു മനസ്സാന്നിധ്യമുള്ള ഇന്നിങ്‌സാണ് ഇന്ന് സഞ്ജു സാംസണ്‍ സിംബാബ്‌വെയ്‌ക്കെതിരേ നടത്തിയത്. കോലിയുടെ ടി20 ലോകകപ്പ് ഫൈനലിലെ ഇന്നിങ്‌സിന്റെ അതേ മാതൃക. അന്നത്തേതുപൊലെത്തന്നെ ആദ്യ അഞ്ചോവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു നില്‍ക്കുന്ന സമയം. അത്തരം ഒരു പ്രതിസന്ധിയിലാണ് സഞ്ജുവിന് ക്രീസില്‍ നിലയുറപ്പിക്കേണ്ടിവന്നത്. 

ആദ്യ 14 പന്തുകളില്‍നിന്ന് സഞ്ജു നേടിയത് വെറും പത്ത് റണ്‍സ്. ക്രീസില്‍ നിലയുറപ്പിക്കുക, ടീമിനെ ഒരു വിക്കറ്റ് കൂടി നഷ്ടപ്പെടാത്ത വിധത്തില്‍ കാക്കുക എന്നതായിരുന്നു ആ നേരത്ത് സഞ്ജു എടുത്തണിഞ്ഞ ദൗത്യം. ഫൈനലില്‍ കോലി ചെയ്ത അതേ രീതി. 25 പന്ത് നേരിട്ടപ്പോഴും റണ്‍സ് പിറകില്‍-21. പക്ഷേ, പിന്നീടുള്ള 20 പന്തുകളില്‍ സഞ്ജു നേടിയത് 37 റണ്‍സ്. ക്രീസില്‍ സെറ്റായതിനു പിന്നാലെ നടത്തിയ ആക്രമണം. 

ബ്രണ്ടന്‍ മവുത എറിഞ്ഞ 12-ാം ഓവറിലാണ് സഞ്ജു ബാറ്റിങ് ഗിയര്‍ മാറ്റിയത്. ഓവറില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ നേടിയത് 13 റണ്‍സ്. 18-ാം ഓവറില്‍ മുസര്‍ബനിയുടെ പന്തിലാണ് സഞ്ജു പുറത്തായത്. മാരുമണിക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം (45 പന്തില്‍ 58). നാല് സിക്‌സും ഒരു ബൗണ്ടറിയും ചേര്‍ന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മാവുതയ്‌ക്കെതിരേ നേടിയ ഒരു സിക്‌സ്, മേല്‍ക്കൂരയും കടന്നാണ് പോയത്. 110 മീറ്റര്‍ ദൂരപരിധിയിലാണ് പന്തെത്തിയത്. 

മത്സരത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി സഞ്ജു പിന്നിട്ടു. മുന്നൂറോ അതിലധികമോ സിക്‌സുകള്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാവാന്‍ സഞ്ജുവിന് കഴിഞ്ഞു. 276 മത്സരങ്ങളില്‍നിന്ന് 302 സിക്‌സുകളാണ് സാംസണ്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. ഇതോടെ രോഹിത് ശര്‍മ, കോലി, ധോനി, റെയ്‌ന, സൂര്യകുമാര്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കൊപ്പം സഞ്ജുവിന്റെ പേരുകൂടി ചേര്‍ക്കപ്പെട്ടു. 

448 മത്സരങ്ങളില്‍ 525 സിക്‌സുകള്‍ നേടിയ രോഹിത്താണ് സിക്‌സുകളുടെ കണക്കില്‍ ഒന്നാമത്. 399 മത്സരങ്ങളില്‍നിന്ന് കോലി 416 സിക്‌സുകള്‍ നേടി. ധോനി 338 സിക്‌സുകളും സുരേഷ് റെയ്‌ന 325 സിക്‌സുകളും സൂര്യകുമാര്‍ യാദവ് 322 സിക്‌സുകളും കെ.എല്‍. രാഹുല്‍ 311 സിക്‌സുകളും നേടിയിട്ടുണ്ട്. ഞായറാഴ്ചത്തെ നാല് സിക്‌സോടെ സഞ്ജുവിന്റെ പേരില്‍ 302 സിക്‌സായി. 

2015 ജൂലായ് 19-ന് സിംബാബ്‌വെയ്‌ക്കെതിരേ ആയിരുന്നു സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം. ഇതുവരെയായി 28 ടി20 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു.