മുംബൈ: കരിയറിലേറ്റ കനത്ത തിരിച്ചടികളിൽ നിന്നും നിരാശകളിൽ നിന്നും ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത അപ്രതീക്ഷിത തീരുമാനത്തിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന തന്നെ കളിയിലേക്ക് മടങ്ങിയെത്താൻ പ്രചോദിപ്പിച്ചത് ഭാര്യ ദേവിഷ ഷെട്ടിയാണെന്ന് സൂര്യ പറഞ്ഞു.

To advertise here,

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യകുമാർ ഈ തുറന്നുപറച്ചിലുകൾ നടത്തിയത്. ടീമിൽ നിന്ന് പുറത്തായതിന് ശേഷം ഏകദേശം 40 മുതൽ 50 ദിവസത്തോളം എന്തുചെയ്യണമെന്നറിയാതെ താൻ വീട്ടിലിരിക്കുകയായിരുന്നുവെന്ന് സൂര്യകുമാർ പറയുന്നു. ക്രിക്കറ്റ് കളി തുടരണമോ അതോ നിർത്തണമോ എന്ന കാര്യത്തിൽ പോലും കടുത്ത ആശയക്കുഴപ്പവും ഞെട്ടലും അക്കാലത്ത് തനിക്കുണ്ടായിരുന്നു.

ഈ കഠിനമായ സാഹചര്യത്തിലാണ് ഭാര്യ ദേവിഷ വഴികാട്ടിയായത്. ''20 വർഷം മുൻപ്, ഒരു 13-15 വയസുള്ള കുട്ടിയായിരുന്നപ്പോൾ നീ എന്തിനാണ് കളി തുടങ്ങിയതെന്ന് ചിന്തിക്കുക. ക്രിക്കറ്റിനോടുള്ള ഭ്രാന്തും അഭിനിവേശവും കൊണ്ടല്ലേ? ആ കളിമിടുക്കും ആവേശവും വീണ്ടെടുക്കൂ'' എന്ന് ഭാര്യ ഉപദേശിച്ചതോടെയാണ് തനിക്ക് വീണ്ടും പ്രചോദനം ലഭിച്ചതെന്ന് സൂര്യകുമാർ പറഞ്ഞു.

സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടി20 ടീം മികച്ച മുന്നേറ്റമാണ് നടത്തിയിരുന്നത്. അദ്ദേഹത്തിന് കീഴിൽ 2025 ഏഷ്യാ കപ്പും 2026 ടി20 ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയിരുന്നു. കൂടാതെ ഉഭയകക്ഷി ടി20 പരമ്പരകളിൽ തോൽവി അറിയാതെയായിരുന്നു ടീമിന്റെ കുതിപ്പ്. ഇത്രയൊക്കെ വിജയങ്ങൾ നേടിയിട്ടും അപ്രതീക്ഷിതമായാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ക്യാപ്റ്റൻ സ്ഥാനം ശ്രേയസ് അയ്യർക്ക് നൽകുകയും സൂര്യകുമാറിനെ ടീമിൽ നിന്ന് പൂർണമായി ഒഴിവാക്കുകയും ചെയ്തത്. കഴിഞ്ഞ മാർച്ചിന് ശേഷം 35-കാരനായ സൂര്യകുമാർ ഇന്ത്യക്കായി കളിച്ചിട്ടില്ല.

ഭാവിയിൽ എന്തുചെയ്യണമെന്നറിയാതെ ഇരുട്ടിലായ നിമിഷത്തിൽ ഭാര്യ ദേവിഷ സൂര്യകുമാറിനെ മുൻകാല നേട്ടങ്ങൾ ഓർമിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഞ്ച് ലോകകപ്പുകൾ കളിക്കാൻ കഴിഞ്ഞതും, രണ്ട് തവണ ഐസിസി ടി20 പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയതും, ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതും, 2024 ലോകകപ്പ് ഫൈനലിലെ ചരിത്രപ്രസിദ്ധമായ ക്യാച്ചും, 2026-ൽ ക്യാപ്റ്റനായി മാറിയതുമെല്ലാം ദേവിഷ അദ്ദേഹത്തിന് മുന്നിൽ എണ്ണിയെണ്ണി പറഞ്ഞു. മറ്റുള്ളവർക്ക് 10-25 വർഷം കൊണ്ട് നേടാൻ കഴിയാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ താരം നേടിയതെന്നും അവർ ഓർമിപ്പിച്ചു.

ഭാര്യയുടെ പ്രോത്സാഹനത്തെത്തുടർന്ന് ജിമ്മിൽ പോകാനും, ടെന്നീസ് ബോളിലും റബ്ബർ ബോളിലും ക്രിക്കറ്റ് കളിക്കാനും, സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കാനും തുടങ്ങിയതോടെ സൂര്യകുമാറിന്റെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുകിട്ടി. ഇപ്പോൾ തന്റെ മകൾക്കായി കളിക്കണമെന്ന ആഗ്രഹമാണ് താരത്തിനുള്ളത്. മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാർ വരാനിരിക്കുന്ന ആഭ്യന്തര വൈറ്റ്-ബോൾ സീസണിലൂടെ തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

''എനിക്ക് ഇപ്പോൾ 35 വയസുണ്ട്. 38 അല്ലെങ്കിൽ 39 വയസിന് ശേഷം വിശ്രമിക്കാം. എന്നാൽ ബാക്കിയുള്ള 3-4 വർഷങ്ങൾ ഇതേ അഭിനിവേശത്തോടെ ടി20 ക്രിക്കറ്റിൽ സജീവമായി തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്'' - സൂര്യകുമാർ വ്യക്തമാക്കി. പൂർണ്ണമായ ശ്രദ്ധയോടും അച്ചടക്കത്തോടും കൂടി താൻ ഇപ്പോൾ വീണ്ടും പരിശീലന രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.