ന്യൂഡൽഹി: ഇന്ത്യയുടെ ഏകദിനടീമിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ നീക്കിയത് സംബന്ധിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. രോഹിത്തിനെ പുറത്താക്കിയ തീരുമാനത്തിൽ പരിശീലകൻ ഗൗതം ഗംഭീർ ഇടപെട്ടിട്ടുണ്ടാകാമെന്നും അത് മുഖ്യ സെലക്ടർ അജിത് അഗാർക്കർ സ്വയമെടുത്ത തീരുമാനമായിരിക്കില്ലെന്നും തിവാരി പറഞ്ഞു. ബിസിസിഐ ചെയർമാനായിരുന്ന ജയ് ഷാ ഇടപെട്ട് നീക്കം തടയണമായിരുന്നുവെന്നും തിവാരി പ്രതികരിച്ചു. രോഹിത്തിന് പകരം ശുഭ്മാൻ ഗില്ലിനെയാണ് ഏകദിന ക്യാപ്റ്റനായി നിയമിച്ചത്. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനും ടി20 യിലെ ഉപനായകനുമാണ് ഗിൽ.

To advertise here,

“പ്രധാനമായും എന്താണ് കാരണമെന്ന് എനിക്കറിയില്ല. അജിത് അഗാർക്കറിനെ അറിയുന്ന ഒരാളാണ് ഞാൻ. അദ്ദേഹം ഇത്തരം തീരുമാനങ്ങൾ എടുക്കുന്നയാളാണ്. നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹം ഒരടി പിന്നോട്ടുപോകാറില്ല. എന്നാൽ ഈ തീരുമാനത്തിൽ ആരെങ്കിലും അദ്ദേഹത്തെ സ്വാധീനിച്ചോ എന്നത് നമ്മൾ പരിശോധിക്കേണ്ട കാര്യമാണ്. പിന്നിൽ പലതും സംഭവിക്കുന്നുണ്ട്. ഒരുപക്ഷേ ചീഫ് സെലക്ടർ ആയിരിക്കാം ഈ തീരുമാനം എടുത്തത്. പരിശീലകന്റെ അഭിപ്രായങ്ങളും ഉണ്ടാകണം. ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ല. എടുത്ത തീരുമാനത്തിന് ഇരുവരും തുല്യ ഉത്തരവാദികളാണ്.” - മനോജ് തിവാരി സ്പോർട്സ് ടുഡേയോട് പറഞ്ഞു.

“ആദ്യ ഇലവനെ തിരഞ്ഞെടുക്കുന്നതിൽ സ്ഥിരതയില്ല. ഏകദിന മത്സരങ്ങൾ കാണാനുള്ള താത്പര്യവുമില്ല. ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റനെയും ചാമ്പ്യൻസ് ട്രോഫി നേടിയ ക്യാപ്റ്റനെയും ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുകയും പുതിയ ഒരാൾക്ക് ഉത്തരവാദിത്തം നൽകുകയും ചെയ്തത് അനാവശ്യമായ ഒന്നായിരുന്നുവെന്ന് കരുതുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ഇത്രയധികം സംഭാവന നൽകിയ ഒരു ക്രിക്കറ്റ് താരത്തോട് ഇത് അനാദരവായിരുന്നുവെന്നും ഞാൻ കരുതി. അന്നുമുതൽ, എനിക്ക് താത്പര്യം നഷ്ടപ്പെട്ടു."- തിവാരി കൂട്ടിച്ചേർത്തു.

"രോഹിത് ക്യാപ്റ്റനെന്ന നിലയിൽ തെളിയിക്കപ്പെട്ടയാളാണ്. അദ്ദേഹം രണ്ട് ഐസിസി കിരീടങ്ങൾ നേടിയിട്ടുണ്ട്. 2023-ൽ നമ്മൾക്ക് നഷ്ടപ്പെട്ടു. ട്രാവിസ് ഹെഡിന് ഭാഗ്യമുണ്ടായി. അന്ന് അദ്ദേഹത്തിന്റെ ദിവസമായിരുന്നു. നമ്മൾ അന്ന് ജയിച്ചിരുന്നെങ്കിൽ, രോഹിത്തിന് മൂന്ന് കിരീടങ്ങൾ ലഭിക്കുമായിരുന്നു. 2027 ലോകകപ്പിൽ രോഹിത് കളിക്കുന്നതിനെക്കുറിച്ച് സംശയമുന്നയിക്കുന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. അതിന്റെ അർത്ഥം നിങ്ങൾ അദ്ദേഹത്തിന്റെ കഴിവുകളെ സംശയിച്ചു എന്നാണ്. നിങ്ങൾ അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണ്? അദ്ദേഹത്തെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് വലിയ തെറ്റായിരുന്നു. അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ജയ് ഷാ ഉൾപ്പെടെയുള്ളവർ ഈ തീരുമാനം ഇടപെട്ട് മാറ്റേണ്ടതായിരുന്നുവെന്നും മനോജ് തിവാരി വ്യക്തമാക്കി.