വാഷിംഗ്ടൺ: ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100% തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനംവരെ ഇറക്കുമതി തീരുവ ചുമത്തുമെന്ന് നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക റഷ്യ ഉപരോധ ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതും. ഇതോടെ റഷ്യൻ ഇന്ധനത്തിന്റെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും കടുത്ത താരിഫ് ഭീഷണിയിലാണ്.

To advertise here,

യു.എസ് ജനപ്രതിനിധി സഭയും സെനറ്റും പാസാക്കിയ 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്റ് ഇറാൻ ആക്ട് 2026' (Lindsey O. Graham Sanctioning റഷ്യ ആൻഡ് ഇറാൻ ആക്ട് of 2026) ആണ് ട്രംപ് ഒപ്പുവെച്ച് നിയമമാക്കിയത്.

നിയമം പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനകം റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം വാങ്ങുന്ന അഞ്ച് മുൻനിര രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100%വരെ അധിക തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമുണ്ടാകും.

യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയും ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ സമ്മർദത്തിലാക്കുകയുമാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.

റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യയും ചൈനയും. എന്നാൽ പുതിയ നിയമത്തിൽ പ്രത്യേക രാജ്യങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞിട്ടില്ലാത്തതിനാൽ, ആർക്കെതിരെ നടപടി വേണമെന്ന് തീരുമാനിക്കാൻ ട്രംപ് ഭരണകൂടത്തിന് വിവേചനാധികാരമുണ്ട്.

2026 ജൂലൈയിൽ ഇന്ത്യയുടെ ക്രൂഡ് എണ്ണ ഇറക്കുമതിയുടെ ഏകദേശം 52 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. യുക്രൈൻ യുദ്ധത്തിനു മുമ്പ് നാമമാത്രമായിരുന്ന റഷ്യൻ എണ്ണയുടെ ഇറക്കുമതിയിലെ സർവകാല ഇന്ത്യൻ റെക്കോഡാണിത്. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനം കടന്നു പോയിരുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഒരു പരിധിവരെ നിയന്ത്രണാധീനമായപ്പോഴാണ് ഹൂതികളുടെ ആക്രമണം കാരണം ചെങ്കടലിലെ ബാബ് അൽ മാണ്ടെബ് വഴിയുള്ള ചരക്കുകടത്ത് പ്രതിസന്ധിയിലായത്.

അതേസമയം, ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത് രാജ്യതാൽപ്പര്യം മുൻനിർത്തിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.