ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന വിജയം സമ്മാനിച്ചത് രോഹിത് ശര്‍മയായിരുന്നു. പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയെങ്കിലും അവസാന കളിയിലെ താരവും പരമ്പരയിലെ താരവും ഹിറ്റ്മാനായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഓസ്ട്രേലിയ നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

To advertise here,

രോഹിതിന്റെ വെടിക്കെട്ട് പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായ ദിനേഷ് ലാഡ് താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ചും വെളിപ്പെടുത്തല്‍ നടത്തി.

2027ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് കളിച്ചതിന് ശേഷം വെറ്ററന്‍ ഓപ്പണര്‍ വിരമിക്കുമെന്നാണ് വെളിപ്പെടുത്തല്‍.

'ഒസീസിനെതിരായ അവസാന മത്സരത്തില്‍ രോഹിതിന്റെ ബാറ്റിങ് രീതിയും ഇന്ത്യയുടെ വിജയത്തിന് നല്‍കിയ സംഭാവനയും കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അവന്‍ 2027ലെ ഏകദിന ലോകകപ്പ് കളിക്കുകയും അതിന് ശേഷം വിരമിക്കുകയും ചെയ്യും' ദിനേശ് ലാഡ് പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായതിന് ശേഷം പുറത്താകാതെ 74 റണ്‍സുമായി ശക്തമായ തിരിച്ചുവരവ് നടത്തിയ വിരാടിനെക്കുറിച്ച് ദിനേശ് ലാഡ് സംസാരിച്ചു. 'എല്ലാ ദിവസവും വിരാടിനെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ട്. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും തിളങ്ങാന്‍ കഴിയുന്ന ഒരാളാണ് അദ്ദേഹം. രോഹിതും വിരാടും തന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന കളിക്കാര്‍ ആകുമെന്ന് സച്ചിന്‍ പണ്ടൊരു ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു' ദിനേശ് ലാഡ് ഓര്‍മിപ്പിച്ചു.