
സ്പിൻ ബൗളർ രവി ബിഷ്ണയോയിടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തലവേദനയാകുന്നു. ഏഷ്യൻ ഗെയിംസിൽ പാകിസ്താനെതിരായ ഫൈനലിൽ മൂന്ന് ഓവറിൽ 44 റൺസാണ് രവി ബിഷ്‌ണോയ് വഴങ്ങിയത്.
പ്രധാന ബൗളർമാരിൽ ഒരാൾ റൺസ് വാരിക്കോരി നൽകിയതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും കുഴങ്ങി.
2022-ൽ അരങ്ങേറിയ രവി ബിഷ്‌ണോയ് ആ സീസണിൽ 17.13 ശരാശരിയിൽ 17 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഓവറിൽ 7.09 റൺസ് മാത്രമാണ് വഴങ്ങിയത്.
എന്നാൽ പിന്നീടിങ്ങോട്ട് രവി ബിഷ്‌ണോയ് ചെലവേറിയ ബൗളറായി മാറി. അദ്ദേഹത്തിന്റെ ശരാശരി 20.86 ഉം ഇക്കോണമി 7.52 ഉം ആയിരുന്നു. അടുത്ത വർഷം ബിഷ്‌ണോയിയുടെ ശരാശരി വീണ്ടും ഉയർന്നു, ഇപ്പോൾ ഒരു വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് അദ്ദേഹം 26.40 റൺസ് വഴങ്ങേണ്ടി വന്നു. കൂടാതെ ഓവറിന് 7.76 റൺസ് വീതം വിട്ടുകൊടുക്കുകയും ചെയ്തു. പാകിസ്താനെതിരായ ഫൈനലിൽ 44 റൺസ് വഴങ്ങിയതോടെ, 2026 ലെ ബിഷ്‌ണോയിയുടെ ശരാശരി 31 ആയി ഉയർന്നു, ഇക്കോണമി 8.5 നടുത്താണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്രമല്ല, ഐപിഎല്ലിലും പ്രകടനം മോശമാകുകയാണ് ചെയ്തത്. 2021-ൽ ബിഷ്‌ണോയ് ഓവറിന് 6.39 റൺസ് മാത്രം വഴങ്ങിയപ്പോൾ 2024 ആയപ്പോഴേക്കും അത് 8.77 ആയി മാറി, 2025-ൽ അത് കുത്തനെ ഉയർന്ന് 10.84 എത്തി. 2026-ൽ അൽപ്പം മെച്ചപ്പെട്ടെങ്കിലും അപ്പോഴും അദ്ദേഹത്തിന്റെ ഇക്കോണമി 9.88 ആയിരുന്നു.
ഇപ്പോഴിതാ രവി ബിഷ്‌ണോയിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻതാരവും ചീഫ് സെലക്ടറുമായിരുന്ന ശ്രീകാന്ത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പോലും പന്ത് തിരിയാതെ രവി ബിഷ്‌ണോയിയുടെ ശരീരം മാത്രമാണ് തിരിയുന്നതെന്ന് ശ്രീകാന്ത് യുട്യൂബ് ചാനലിലെ വീഡിയോയിൽ പരിഹസിച്ചു.
'സ്പിന്നിന്നെ ഇത്രയധികം പിന്തുണയ്ക്കുന്ന പിച്ചിൽ പോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അവൻ എന്ത് സ്പിന്നറാണ്? അവന്റെ ശരീരം മാത്രമേ തിരിയുന്നുള്ളു. ഒരിഞ്ച് പോലും പന്ത് തിരിഞ്ഞില്ല. അത് എങ്ങനെ സാധ്യമാകും. അത് രവി ബിഷ്‌ണോയിയുടെ ഒരു പ്രത്യേക കല തന്നെയാണ്.'-അദ്ദേഹം പരിഹസിച്ചുകൊണ്ട് പറഞ്ഞു.
പന്ത് നന്നായി തിരിയുന്ന ഒരു പിച്ചിൽ ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കാൻ രവി ബിഷ്‌ണോയിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്നും ശ്രീകാന്ത് വ്യക്തമാക്കി. ബിഷ്‌ണോയ് ബൗൾ ചെയ്താൽ മത്സരം വിജയിക്കുമെന്ന് പാകിസ്താൻ വിശ്വസിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'പാകിസ്താന്റെ സാധാരണ സ്പിന്നർമാർ പോലും പന്ത് സ്പിൻ ചെയ്യിക്കുന്നുണ്ടായിരുന്നു. അഭിഷേക് ശർമ പോലും നന്നായി പന്ത് തിരിപ്പിച്ചു. രവി ബിഷ്‌ണോയിയെ ആളുകൾ അനാവശ്യമായി പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. എപ്പോഴെങ്കിലും ഒരു മത്സരത്തിൽ നന്നായി കളിച്ചിട്ടുണ്ടാകാം. ഒരു ലെഗ് സ്പിന്നർ ആദ്യം പന്ത് തിരിപ്പിക്കാൻ പഠിക്കണം'-ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
Content Highlights: Ravi Bishnoi's bowling economy and average have steadily worsened from 2022 to 2026., Batters have decoded his heavy reliance on googlies due to a lack of new repertoire., Comparison with Varun Chakaravarthy highlights Bishnoi's failure to reinvent his bowling.
Published: 05 Oct 2026, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented