മുംബൈ: രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി മുംബൈ സെലക്ഷൻ കമ്മിറ്റി. സൂര്യകുമാർ കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടും സെലക്ടർമാർ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. അതേസമയം സിദ്ദേഷ് ലാദ് നയിക്കുന്ന 16 അംഗ ടീമിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജെയ്സ്വാൾ ഇടംനേടി.
മുൻ ഇന്ത്യൻ താരം രമേശ് പവാർ നയിക്കുന്ന മുംബൈ സെലക്ഷൻ കമ്മിറ്റിക്ക് സൂര്യകുമാർ സന്ദേശം അയച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂണിൽ മുംബൈ ട്വന്റി 20 ലീഗിലാണ് സൂര്യകുമാർ അവസാനമായി കളിച്ചത്. തന്റെ കരിയർ തിരിച്ചുപിടിക്കാനുള്ള വഴികൾ അദ്ദേഹത്തിന് മുന്നിൽ അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വന്റി 20 ലോകകപ്പ് നേടിയിട്ടും അദ്ദേഹത്തിന് ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുകയും പകരക്കാരനായി ശ്രേയസ് അയ്യർ എത്തുകയും ചെയ്തിരുന്നു.
'അദ്ദേഹം മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളയാളാണ്. കുറച്ച് റെഡ്-ബോൾ മത്സരങ്ങൾ കളിച്ച് അദ്ദേഹം താളത്തിലേക്ക് തിരിച്ചെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ 18 മാസമായി സൂര്യ റെഡ്-ബോൾ മത്സരങ്ങൾ കളിച്ചിട്ടില്ല, അതിനാൽ കുറച്ച് മത്സരങ്ങൾ കളിച്ച് ശാരീരികക്ഷമത തെളിയിച്ച ശേഷം അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചുവരാം'-രഞ്ജി ട്രോഫി ടീമിൽ സൂര്യകുമാറിന്റെ അഭാവം വിശദീകരിച്ചുകൊണ്ട് പവാർ വ്യക്തമാക്കി.
ഒക്ടോബർ 11-ന് തുടങ്ങുന്ന മത്സരത്തിൽ കൗമാരതാരം ആയുഷ് മാത്രയാണ് മുംബൈയുടെ വൈസ് ക്യാപ്റ്റൻ. രണ്ട് വർഷത്തിനിടയിൽ 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള 19-കാരനായ ആയുഷ് മാത്രെയെ, ഇന്ത്യയെ അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന്റെ പശ്ചാത്തലത്തിൽ ഭാവി ക്യാപ്റ്റനായി വളർത്താനാണ് സെലക്ടർമാർ ലക്ഷ്യമിടുന്നത്.
മികച്ച പ്രകടനം നടത്തുന്ന മുതിർന്ന താരമായ സർഫറാസ് ഖാനെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നത് കൗതുകകരമാണ്. സെലക്ടർമാർ വെറും 19 വയസ് മാത്രം പ്രായമുള്ള മാത്രെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു. പരിശീലനത്തിനിടയിൽ വലത് കൈയിലെ നടുവിരലിന് പരിക്കേറ്റ ബൗളിങ് ഓൾറൗണ്ടർ ശാർദുൽ താക്കൂറും മുംബൈ ടീമിലില്ല. കുറഞ്ഞത് ആദ്യ രണ്ട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായേക്കും.
Content Highlights: Suryakumar Yadav left out of Mumbai's Ranji Trophy squad for the opening match against Chandigarh., Teenage batter Ayush Mhatre named vice-captain to groom him as a future leader., Yashasvi Jaiswal included in the 16-man squad led by Siddhesh Lad., Selector Ramesh Powar cited lack of red-ball match practice as the reason for Suryakumar's omission.
Published: 06 Oct 2026, 11:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented