കട്ടക്ക്:  ഒടുവില്‍ എല്ലാ പഴികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും രോഹിത് ശര്‍മ മറുപടി കണ്ടെത്തിയിരിക്കുന്നു. കട്ടക്കില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫോമിലേക്കുയര്‍ന്ന 37-കാരന്‍ സെഞ്ചുറി തൊട്ടു. മികച്ച ഷോട്ടുകളിലൂടെ ക്രീസില്‍ നിറഞ്ഞാടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 77 പന്തുകളില്‍ നിന്നാണ് മൂന്നക്കത്തിലെത്തിയത്. ഫ്‌ളിക് ഷോട്ടുകളും ഡൗണ്‍ ദ ഗ്രൗണ്ട്, ഓവര്‍ കവര്‍ ഷോട്ടുകളുമായി ഹിറ്റ്മാന്‍ കളം നിറഞ്ഞു. 

To advertise here,

ഇതിന് മുമ്പ് ഏകദിനത്തില്‍ 2023 ഒക്ടോബര്‍ 11-ന് അഫ്ഗാനിസ്ഥാനെതിരെ ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. അതായത് ഒരു വര്‍ഷവും നാല് മാസവും പിന്നിട്ട ശേഷമൊരു സെഞ്ചുറി. ട്വന്റി-20യില്‍ 2024 ജനുവരിയിലും ടെസ്റ്റില്‍ 2024 മാര്‍ച്ചിലും രോഹിത് നൂറിലെത്തിയിരുന്നു. 

എന്നാല്‍ പിന്നീടിങ്ങോട്ട് ഇന്ത്യന്‍ ജഴ്‌സിയില്‍ അത്ര സുഖകരമായിരുന്നില്ല ഇന്ത്യന്‍ ക്യാപ്റ്റന്റെ യാത്ര. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയമായതോടെ ടീമില്‍നിന്ന് തഴയപ്പെട്ടു. രോഹിതിന് പകരം ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനായി മാറി. പിന്നാലെ രോഹിതിന്റെ വിരമിക്കലിനായി വിവിധ ഭാഗങ്ങളില്‍ നിന്ന് മുറവിളി ഉയര്‍ന്നു. രോഹിതിന്റെ ഭാവിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. രഞ്ജിയിലും താരം ഭാഗ്യപരീക്ഷണം നടത്തി. പക്ഷേ മുംബൈയുടെ ജഴ്‌സിയിലും നിരാശ തന്നെയായിരുന്നു ഫലം. ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനത്തെ കച്ചിത്തുരുമ്പായി. എന്നാല്‍ ആദ്യ ഏകദിനത്തില്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. ഇതോടെ സമ്മര്‍ദ്ദം കൂടി. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഹിറ്റ്മാന് പിഴച്ചില്ല.   

രോഹിതിന്റെ കരിയറിലെ 49-ാം സെഞ്ചുറിയാണിത്. ഏകദിനത്തിലെ 32-ാം സെഞ്ചുറിയും. ഇന്ത്യന്‍ ജഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ രാഹുല്‍ ദ്രാവിഡിനേയും രോഹിത് മറികടന്നു. 48 സെഞ്ചുറിയാണ് ദ്രാവിഡിന്റെ പേരിലുള്ളത്. ഈ പട്ടികയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയുമാണ് രോഹിതിന് മുന്നിലുള്ളത്.

ഇതിനൊപ്പം ഏകദിന ക്രിക്കറ്റില്‍ സിക്‌സുകളുടെ എണ്ണത്തില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡും രോഹിത് മറികടന്നു. 333 സിക്‌സുകളാണ് രോഹിത് ഇതുവരെ നേടിയത്. ഗെയ്‌ലിന്റെ പേരിലുള്ളത് 331 സിക്‌സുകളാണ്. പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയാണ് 351 സിക്‌സുമായി ഈ പട്ടികയില്‍ മുന്നിലുള്ളത്.