ജംഷേദ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഝാർഖണ്ഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിവസം സ്റ്റമ്പെടുക്കുമ്പോൾ ഝാർഖണ്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലാണ്. ഓപ്പണർ ശിഖർ മോഹന്റെ സെഞ്ചുറിയാണ് ഝാർഖണ്ഡിന് കരുത്ത് പകർന്നത്. രണ്ടാം വിക്കറ്റിൽ ഉത്കർഷ് സിങ്ങും ശിഖറും ചേർന്ന് പടുത്തുയർത്തിയ 163 റൺസ് കൂട്ടുകെട്ടും ഝാർഖണ്ഡിന്റെ ഇന്നിങ്‌സിൽ നിർണായകമായി.

To advertise here,

സ്‌കോർബോർഡിൽ 87 റൺസെത്തിയപ്പോൾ ഝാർഖണ്ഡിന് ഓപ്പണർ ശരൺദീപ് സിങ്ങിനെ നഷ്ടമായി. 92 പന്തിൽ 33 റൺസെടുത്ത ശരൺദീപിനെ ജലജ് സക്‌സേന വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ ശിഖറും ഉത്കർഷും ഒത്തുചേർന്നു. ശിഖറിനെ ബൗൾഡാക്കി വൈശാഖ് ചന്ദ്രനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

196 പന്തിൽ 18 ഫോറും രണ്ട് സിക്‌സറും സഹിതം ശിഖർ 143 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നാലെ ഉത്കർഷും പുറത്തായി. 147 പന്തിൽ ഒമ്പത് ഫോറിന്റെ സഹായത്തോടെ 71 റൺസാണ് ഉത്കർഷ് അടിച്ചെടുത്തത്. പിന്നീട് ഝാർഖണ്ഡിന് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. 10 റൺസ് വീതമെടുത്ത റോബിൻ മിൻസിനും കൗനെയ്ൻ ഖുറൈശിക്കും അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരേയും വൈശാഖ് ചന്ദ്രൻ പുറത്താക്കി. ക്യാപ്റ്റൻ വിരാട് സിങ്ങും ആദിത്യ സിങ്ങുമാണ് ക്രീസിൽ. വിരാട് 58 പന്തിൽ 12 റൺസും ആദിത്യ 12 പന്തിൽ അഞ്ച് റൺസുമാണെടുത്തത്.

കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജലജ് സക്‌സേന രണ്ട് വിക്കറ്റുമെടുത്തു.