മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തകര്‍ച്ചയുടെ ഒന്നാം ഇന്നിങ്‌സ്. 64.3 ഓവറില്‍ 224 റണ്‍സിനിടെ മുംബൈ ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയുടെ ബാറ്റിങ് അതിലും ദുഷ്‌കരം. 13 ഓവര്‍ പിന്നിട്ട് ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ധ്രുവ് ഷോറെയും അമന്‍ മൊഖാദെയുയും  കരുണ്‍ നായറുമാണ് മടങ്ങിയത്. ധവാല്‍ കുല്‍ക്കര്‍ണിക്ക് രണ്ടുവിക്കറ്റ്. അഥര്‍വ തയ്‌ഡെയും (21) ആദിത്യ താക്കറെയുമാണ് ക്രീസില്‍. 

To advertise here,

ഭദ്രമായ തുടക്കമായിരുന്നു മുംബൈയുടേത്. ടീം സ്‌കോര്‍ 81-ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ഭൂപെന്‍ ലാല്‍വാനിയെ യഷ് ഠാക്കൂര്‍ മടക്കി. അവിടെവെച്ച് മുംബൈയുടെ തകര്‍ച്ച തുടങ്ങി. ടീം സ്‌കോര്‍ 89-ല്‍ നില്‍ക്കേ പ്രിഥ്വി ഷാ (46), 92-ല്‍ മുഷീര്‍ ഖാന്‍ (6), 99-ല്‍ ശ്രേയസ് അയ്യര്‍ (7) എന്നിങ്ങനെ 18 റണ്‍സിനിടെ നാലുവിക്കറ്റ്. ബി.സി.സി.ഐ.യുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിലേക്കെത്തിയ ശ്രേയസ് അയ്യര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയതാണ് മറ്റൊരു കാഴ്ച.

ടീം സ്‌കോര്‍ 111-ല്‍ നില്‍ക്കേ, ഹര്‍ദിക് താമറും (5) ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (7) മടങ്ങിയതോടെ മുംബൈ കൂടുതല്‍ പരുങ്ങലിലായി. അടുത്തതായി ഷംസ് മുലാനിയും പിന്‍വാങ്ങി (13). പിന്നീടെത്തിയ ശര്‍ദുല്‍ ഠാക്കൂറാണ് മുംബൈയെ ഒരുവിധം കരകയറ്റിയത്. 69 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും എട്ടു ഫോറും അകമ്പടി ചേര്‍ത്ത് ഠാക്കൂര്‍ നേടിയ 75 റണ്‍സാണ് മുംബൈ ഇന്നിങ്‌സിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍. പത്താമനായാണ് ഠാക്കൂര്‍ മടങ്ങിയത്. തനുഷ് കോട്ടിയാന്‍ (8), തുഷാര്‍ ദേശ്പാണ്ഡെ (14) എന്നിവരും നിരാശപ്പെടുത്തി. വിദര്‍ഭയ്ക്കായി ഹര്‍ഷ് ദുബെ, യഷ് ഠാക്കൂര്‍ എന്നിവര്‍ മൂന്ന് വീതവും ഉമേഷ് യാദവ് രണ്ടും ആദിത്യ താക്കറെ ഒന്നും വിക്കറ്റുകള്‍ നേടി.