ന്യൂഡല്‍ഹി: ഒരുപിടി യുവതാരങ്ങളുടെ തലവരമാറ്റിയിരിക്കുകയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന ഐ.പി.എല്‍. മെഗാതാരലേലം. ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങള്‍ക്കായി മത്സരിച്ച് കാശിറക്കാന്‍ ടീമുകള്‍ തയ്യാറായി. ഇതിഹാസതാരങ്ങളെ ഏറ്റെടുക്കാന്‍ ആരുമില്ലാതിരുന്നപ്പോഴാണ് യുവതാരങ്ങള്‍ക്കായി ടീമുകള്‍ രംഗത്തെത്തിയത്.

To advertise here,

ഇത്തരത്തില്‍ 30 ലക്ഷം മാത്രം അടിസ്ഥാന തുകയില്‍നിന്ന് ലേലത്തില്‍ 3.8 കോടിയെന്ന വന്‍തുക നേടിയ താരമാണ് ഡല്‍ഹി ബാറ്റര്‍ പ്രിയാംശ് ആര്യ. 23-കാരനായ ഇടംകൈയ്യന്‍ ബാറ്ററെ പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്.

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറിലെ ആറുപന്തില്‍ ആറുസിക്‌സ് നേടിയതോടെയാണ് പ്രിയാംശ് ദേശീയ ശ്രദ്ധയിലേക്ക് ഉയരുന്നത്. നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സിനെതിരെയായിരുന്നു സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍ഴ്‌സിനുവേണ്ടി കളിച്ച താരത്തിന്റെ മിന്നുംപ്രകടനം. 10 സിക്‌സും 10 ഫോറുമടക്കം 120 റണ്‍സാണ് പ്രിയാംശ് ആ ഇന്നിങ്‌സില്‍ നേടിയത്.

ഗൗതം ഗംഭീര്‍, അമിത് മിശ്ര, നിതീഷ് റാണ, ഉന്മുക്ത് ചന്ദ് അടക്കമുള്ള പ്രതിഭകളെ വാര്‍ത്തെടുത്ത കോച്ച് സഞ്ജയ് ഭരദ്വാജിന്റെ ശിഷ്യനാണ് പ്രിയാംശ്. താരത്തിന് ലേലത്തില്‍ ലഭിച്ച തുക ഒട്ടും ആശ്ചര്യപ്പെടുത്തുന്നതല്ലെന്നാണ് കോച്ചിന്റെ അഭിപ്രായം. കുറഞ്ഞത് മൂന്നു കോടിയെങ്കിലും പ്രിയാംശിന് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും സഞ്ജയ് ഭരദ്വാജ് പറഞ്ഞു.

2023-24 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയുടെ ടോപ് സ്‌കോററാണ് പ്രിയാംശ്. ഏഴ് ഇന്നിങ്‌സില്‍നിന്നായി 222 റണ്‍സ് താരം നേടി. വാങ്കഡെയിലാണ് പ്രിയാംശ് തന്റെ ആദ്യ മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ചുറി നേടിയത്.

2024-ലെ ലേലത്തില്‍ പ്രിയാംശിനെ ഏറ്റെടുക്കാന്‍ ആളുണ്ടായിരുന്നില്ല. ഇത്തവണ ഇതിഹാസതാരം റിക്കി പോണ്ടിങ്ങിന്റെ പരിശീലനത്തിന് കീഴിലേക്ക് എത്തുന്ന പ്രിയാംശ്, 30 കോടിയുടെ പ്രകടനം തിരിച്ചു നല്‍കുമെന്നാണ് കോച്ച് സഞ്ജയ് ഭരദ്വാജിന്റെ പ്രവചനം.