പ്രിയം ഗാര്‍ഗ് എന്ന ഇന്ത്യന്‍ കൗമാര ക്രിക്കറ്റര്‍ക്കുമുന്നില്‍ വലിയൊരു ലക്ഷ്യമുണ്ട്. ജനുവരി 17 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളി. എന്നാല്‍, ചെറുപ്രായത്തില്‍തന്നെ ജീവിതത്തിലെയും ക്രിക്കറ്റിലെയും പ്രതിസന്ധികളെ നേരിട്ട ഉത്തര്‍പ്രദേശുകാരന് ഇതും അനായാസമാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യപരിശീലകന്‍ പരസ് മാംബ്രെ നായകപദവി നല്‍കുന്നത്.

To advertise here,

ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തില്‍നിന്നാണ് ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ നായകസ്ഥാനംവരെ പ്രിയം എത്തുന്നത്. മീററ്റില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പരിഷിത്ഗാര്‍ഗിലെ ക്യുയ്ല ഗ്രാമത്തിലാണ് ജനനം. സ്‌കൂള്‍ ബസ് ഡ്രൈവറായ അച്ഛന്‍ നരേഷ് ഗാര്‍ഗ് ഏറെ കഷ്ടപ്പെട്ടാണ് മകനെ ക്രിക്കറ്ററാക്കുന്നത്. 11-ാം വയസ്സില്‍ അമ്മയെക്കൂടി നഷ്ടപ്പെട്ടതോടെ പ്രിയമിന് ക്രിക്കറ്റ് മാത്രമായി ജീവിതത്തിലെ സന്തോഷം.

കഴിഞ്ഞ സീസണില്‍ ഉത്തര്‍പ്രദേശിനായി നടത്തിയ മികച്ച പ്രകടനമാണ് കരിയറില്‍ വഴിത്തിരിവായത്. 800-ലധികം റണ്‍സാണ് നേടിയത്. ഗോവയ്‌ക്കെതിരേ സെഞ്ചുറിയോടെയായിരുന്നു അരങ്ങേറ്റം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറിയുമുണ്ട്.

ലോകകപ്പിന് മുന്നോടിയായിനടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ പ്രിയമിന് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍മാരായി. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, സിംബാബ്വെ ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിച്ചത്. ആദ്യകളിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചുറി നേടാനുമായി.

നേതൃഗുണം, സ്ഥിരോത്സാഹം എന്നിവയ്‌ക്കൊപ്പം നൈസര്‍ഗികമായ ബാറ്റിങ്ങും കൂടിയാകുമ്പോള്‍ ലോകകപ്പില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്കും പ്രിയമില്‍നിന്ന് ഏറെ പ്രതീക്ഷിക്കാം.

Content Highlights: Priyam Garg a prodigy a sensation India Under 19 captain