ക്രിക്കറ്റിൽ അനുഭവ സമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്ന ധാരണകളെ തിരുത്തിക്കുറിക്കുകയാണ് ഇന്ത്യയുടെ വൈഭവ് സൂര്യവംശിയെന്ന 15-കാരൻ. സ്‌കൂളിൽ പോകുന്ന പ്രായത്തിൽ ലോകത്തിലെ വമ്പൻമാരായ ബൗളർമാരെ കണക്കിന് പ്രഹരിച്ച് മുന്നേറുന്ന ഇന്ത്യൻ പയ്യൻ നവംബർ 24-ാം തീയതി ദോഹയിൽ കുറിച്ചത് അവിശ്വസനീയമായ നേട്ടങ്ങളാണ്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ട പ്രായത്തിൽ ലോകോത്തര ബൗളർമാരെ നേരിടുന്നു. സിക്‌സറുകൾ പറത്തുന്നു. സീനിയർ താരങ്ങൾ വർഷങ്ങളെടുത്ത് സ്വന്തമാക്കിയ റെക്കോഡുകൾ മറികടക്കുന്നു. അങ്ങനെ കുതിക്കുകയാണ് വൈഭവ്.
ദോഹയിൽ എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരേ ഇന്ത്യ എയ്ക്കുവേണ്ടി ക്രീസിൽ അക്ഷരാർഥത്തിൽ താണ്ഡവമാടുകയായിരുന്നു വൈഭവ്. യുഎഇ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ കുറിച്ച 249 റൺസെന്ന ലക്ഷ്യം വൈഭവ് കത്തിക്കയറിയപ്പോൾ ഇന്ത്യ എ മറികടന്നത് വെറും 86 പന്തുകളിലാണ്. അതിൽ 52 പന്തുകളും നേരിട്ട വൈഭവ് അടിച്ചെടുത്തത് 204 റൺസ്. പറത്തിയത് 28 സിക്‌സറുകൾ. ഏഴ് ഫോറുകളും.
ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി, സെഞ്ചുറി, 150, ഇരട്ട സെഞ്ചുറി തുടങ്ങിയ റെക്കോഡുകളെല്ലാം ഒരൊറ്റ ഇന്നിങ്‌സുകൊണ്ട് വൈഭവ് സ്വന്തം പേരിലാക്കി. കാന്റെർബറിയുടെ ചാഡ് ബോവെസ് 103 പന്തിൽ നിന്ന് നേടിയ ഇരട്ട സെഞ്ചുറി റെക്കോഡാണ് വെറും 52 പന്തിൽ നിന്ന് വൈഭവ് സ്വന്തം പേരിലാക്കിയത്.
2023-ൽ ഓസ്ട്രേലിയയുടെ ജെയ്ക്ക് ഫ്രേസർ മക്ഗുർഗ് 29 പന്തിൽ നേടിയ ലിസ്റ്റ് എ സെഞ്ചുറിയുടെ റെക്കോഡും വൈഭവ് മറികടന്നു. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് 31 പന്തിൽ സെഞ്ചുറി നേടിയ ചരിത്രനേട്ടവും ഈ പതിനഞ്ചുകാരന് പിന്നിലായി. 16 പന്തിലായിരുന്നു വൈഭവിന്റെ അർധസെഞ്ചുറി. അടുത്ത 50 റൺസ് നേടാൻ വേണ്ടിവന്നത് വെറും 12 പന്തുകൾ.
2024 ജനുവരിയിൽ, വെറും പന്ത്രണ്ടാം വയസിൽ, മുംബൈക്കെതിരേ ബിഹാറിനുവേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നതോടെയാണ് ഇന്ത്യക്കാർ വൈഭവ് സൂര്യവംശിയെന്ന പേര് കേൾക്കുന്നത്. അതേ വർഷം ഇന്ത്യയുടെ അണ്ടർ 19 ടീമിലുമെത്തി. ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് അരങ്ങേറ്റത്തിൽ 58 പന്തിൽ സെഞ്ചുറി. യൂത്ത് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും അന്ന് താരം തൂക്കി.
പിന്നാലെ 2024 നവംബറിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തതോടെ വൈഭവിന്റെ പേര് പ്രശസ്തമായി. അന്ന് പ്രായം വെറും 13 വയസ്. 2025 ഏപ്രിൽ 19-ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരേ ഐപിഎല്ലിൽ അരങ്ങേറി. 14 വയസും 23 ദിവസവും പ്രായമുള്ള വൈഭവ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. നേരിട്ട ആദ്യ പന്തുതന്നെ സിക്‌സറിന് പറത്തിക്കൊണ്ടായിരുന്നു ഐപിഎല്ലിലേക്കുള്ള വരവ്. ഇന്ത്യൻ താരം ഷാർദുൽ താക്കൂറായിരുന്നു ബൗളർ.
ഐപിഎൽ അരങ്ങേറ്റം കഴിഞ്ഞ് ഒമ്പത് ദിവസത്തിനകം മറ്റൊരു ചരിത്രനേട്ടം. 2025 ഏപ്രിൽ 28-ന് ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ സെഞ്ചുറി. 38 പന്തിൽ 101 റൺസ്. ഏഴ് ഫോറുകളും 11 സിക്‌സറുകളും അടങ്ങിയ ഇന്നിങ്‌സോടെ വൈഭവ് തന്റെ പേര് അടയാളപ്പെടുത്തി. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി, ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി, പുരുഷ ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോഡുകളെല്ലാം അന്ന് കൂടെപ്പോന്നു. 14 വയസും 32 ദിവസവുമായിരുന്നു അന്ന് വൈഭവിന്റെ പ്രായം. ഗിന്നസ് ലോകറെക്കോഡിലും ഈ പ്രകടനം ഇടംപിടിച്ചു.
2026 ഫെബ്രുവരി ആറിന് സിംബാബ്വെയിലെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിലും വൈഭവിന്റെ ബാറ്റിങ് ഇന്ത്യയ്ക്ക് ജയമൊരുക്കി. കിരീടപ്പോരാട്ടത്തിന്റെ സമ്മർദത്തിനിടയിലും തന്റെ സ്വാഭാവിക ശൈലിയിൽത്തന്നെ കളിച്ച താരം വെറും 80 പന്തിൽ നിന്ന് 175 റൺസാണ് അന്ന് അടിച്ചുകൂട്ടിയത്. 15 സിക്‌സറുകളും 15 ഫോറുകളും നിറഞ്ഞ ഇന്നിങ്‌സ്. അന്ന് സെഞ്ചുറി പിറന്നത് 55 പന്തിൽ. അണ്ടർ 19 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായിരുന്നു ഇത്.
പിന്നാലെ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് തകർത്തുകൊണ്ടായിരുന്നു വൈഭവിന്റെ ഇന്ത്യയ്ക്കായുള്ള അരങ്ങേറ്റം. 1989 നവംബറിൽ പാകിസ്താനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുമ്പോൾ സച്ചിൻ തെണ്ടുൽക്കറുടെ പ്രായം 16 വയസും 205 ദിവസവുമായിരുന്നു. 2026 ജൂലൈ നാലിന് ഇംഗ്ലണ്ടിനെതിരേ മാഞ്ചെസ്റ്ററിൽ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിക്കുമ്പോൾ വൈഭവിന്റെ പ്രായം 15 വയസും 99 ദിവസവും. ഇന്ത്യയ്ക്കുവേണ്ടി പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. അതേ മാസം 23-ന് സിംബാബ്വെയ്‌ക്കെതിരേ 18 പന്തിൽ അർധസെഞ്ചുറി നേടി. പുരുഷ അന്താരാഷ്ട്ര ടി20യിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോകറെക്കോഡും സ്വന്തമാക്കി.
Content Highlights: Vaibhav Suryavanshi scored an unbelievable 204 runs from just 52 balls for India A against UAE in Doha., He hit 28 sixes and 7 fours during his explosive knock., Broke the world record for the fastest List A double century previously held by Chad Bowes., Set multiple records for the fastest half-century, century, and 150 in List A cricket.
Published: 24 Nov 2026, 06:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented