മെൽബൺ: കുപ്രസിദ്ധമായ 'സാൻഡ്പേപ്പർഗേറ്റ്' വിവാദത്തിന് പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം വീണ്ടും പന്തിൽ കൃത്രിമം കാണിക്കാൻ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഓസ്ട്രേലിയൻ മാധ്യമമായ സെന്നിനുവേണ്ടി മാധ്യമപ്രവർത്തകൻ ജെറാർഡ് വാറ്റ്ലി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഈ ഗുരുതര ആരോപണങ്ങളുള്ളത്. 2018 ഒക്ടോബറിൽ ദുബായിൽ പാകിസ്താനെതിരെ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തിന്റെ സ്വാഭാവികത മാറ്റുന്നതിനെക്കുറിച്ച് ഓസ്ട്രേലിയൻ താരങ്ങൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ നടന്ന സാൻഡ്പേപ്പർ വിവാദത്തിന് വെറും ആറ് മാസത്തിന് ശേഷമായിരുന്നു ഈ സംഭവം.
പാകിസ്താനെതിരായ മത്സരത്തിൽ പിച്ചിൽ നിന്ന് യാതൊരുവിധ ആനുകൂല്യവും ലഭിക്കാതെ ഓസ്ട്രേലിയൻ ബൗളർമാർ വലഞ്ഞതോടെയാണ് ഇത്തരമൊരു കുറുക്കുവഴിയെക്കുറിച്ച് താരങ്ങൾ ആലോചിച്ചത്. 'ആരുടെ കയ്യിലാണ് മിഠായി ഉള്ളത്? ഇന്ന് ആരാണ് പന്ത് മിനുക്കുന്നത്?' എന്ന് ഒരു താരം ചോദിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ടീമിലെ മറ്റൊരു അംഗം ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ അന്നത്തെ ക്യാപ്റ്റൻ ടിം പെയ്‌നും മുഖ്യപരിശീലകൻ ജസ്റ്റിൻ ലാംഗറും അടിയന്തരമായി ഇടപെടുകയും ഇത്തരമൊരു സംഭവം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. താരങ്ങളെ നേരിട്ട് കണ്ട ലാംഗർ ഈ നീക്കത്തിൽ തന്റെ കടുത്ത അതൃപ്തി അറിയിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതിനുപുറമെ, സാൻഡ്പേപ്പർ വിവാദസമയത്ത് ഓസ്ട്രേലിയൻ ഡ്രസ്സിംഗ് റൂമിലും ടീം ഹോട്ടലിലും നടന്ന നാടകീയ സംഭവങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. വിവാദത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്ന് കാമറൂൺ ബാൻക്രോഫ്റ്റ് തുടക്കത്തിൽ സമ്മതിച്ചിരുന്നുവെങ്കിലും അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഉത്തരവാദിത്തം പങ്കിടാൻ തയ്യാറായി. എന്നാൽ, സംഭവത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് വാർണർക്കെതിരെ ഓൾറൗണ്ടർ മിച്ചൽ മാർഷ് ടീം ഹോട്ടലിൽ വെച്ച് രൂക്ഷമായി പൊട്ടിത്തെറിച്ചതായി റിപ്പോർട്ട് പറയുന്നു. 'നിനക്ക് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല സുഹൃത്തേ, നിനക്കുവേണ്ടി ബാൻക്രോഫ്റ്റിനെ ബലിയാടാക്കാൻ ഞങ്ങൾ സമ്മതിക്കില്ല' എന്ന് 'ബൈസൺ' എന്നറിയപ്പെടുന്ന മിച്ചൽ മാർഷ് വാർണറോട് തുറന്നടിച്ചതായാണ് വിവരം. ഈ സംഭവത്തിന് പിന്നാലെ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും 12 മാസത്തേക്കും, ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തേക്കും ക്രിക്കറ്റിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Content Highlights: New investigative report claims Australian players discussed tampering with the ball using lollies in October 2018 against Pakistan., The incident allegedly happened just six months after the infamous Sandpapergate scandal in South Africa., Coach Justin Langer and captain Tim Paine intervened to stop the plan after it came to light., Report details heated dressing room confrontations involving David Warner and Mitchell Marsh during the original scandal.
Published: 24 Nov 2026, 02:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented