
ന്യൂഡൽഹി: കാര്യങ്ങൾ വിചാരിച്ചപോലെ നടക്കുക എന്നത് എളുപ്പമല്ല. എന്നാൽ പ്രഫുൽ ഹിംഗെ എന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അരങ്ങേറ്റ താരം, വിചാരിച്ചത് മനോഹരമായിത്തന്നെ നടപ്പാക്കി. ഉജ്ജ്വല ഫോമിലുള്ള പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്താക്കി ഹിംഗെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. എസ്.ആർ.എച്ച്. ഉയർത്തിയ 217 റൺസ് എന്ന ലക്ഷ്യം പിന്തുടരാനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ ഞെട്ടിച്ചുകൊണ്ടാണ് ഹിംഗെ തന്റെ വരവ് അറിയിച്ചത്. ലോകോത്തര ബൗളർമാരായ ജസ്പ്രീത് ബുംറ, ജോഷ് ഹെയ്സൽവുഡ്, ട്രെന്റ് ബോൾട്ട് എന്നിവർപോലും സൂര്യവംശിയുടെ ബാറ്റിന് മുന്നിൽ പതറിയപ്പോഴാണ് ഹിംഗെ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.
താൻ ഈ വിക്കറ്റ് നേരത്തേതന്നെ പദ്ധതിയിട്ടിരുന്നതായി ഹിംഗെ പിന്നീട് വെളിപ്പെടുത്തി. വൈഭവിനെതിരേ ബൗൺസറുകൾ പ്രയോഗിക്കുമെന്ന് ഹിംഗെ സഹതാരങ്ങളോട് പറഞ്ഞിരുന്നു. പലരും പയറ്റിയ തന്ത്രമാണെങ്കിലും വിജയകരമായി നടപ്പിലാക്കാൻ ഹിംഗെയ്ക്ക് കഴിഞ്ഞു. വൈഭവ് വലിയ ബൗളർമാരെ ലക്ഷ്യം വെച്ച് കളിക്കുകയാണോ എന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ നേരത്തേ സോഷ്യൽ മീഡിയയിൽ ചോദിച്ചിരുന്നു. എന്നാൽ ഹിംഗെയുടെ കാര്യത്തിൽ ആ തന്ത്രം ഫലിച്ചില്ല.
വൈഭവിന്റെ ബാറ്റിംഗ് ശൈലിയിലെ ചില പോരായ്മകൾ കൃത്യമായി മനസ്സിലാക്കിയാണ് ഹിംഗെ പന്തെറിഞ്ഞത്. ഉയർത്തിയുള്ള ബാക്ക് ലിഫ്റ്റും പന്ത് അടിക്കാൻ നേരത്ത് ഫ്രണ്ട് ലെഗ് ക്ലിയർ ചെയ്യുന്ന രീതിയും സൂര്യവംശിയെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മുൻപ് ഭുവനേശ്വർ കുമാർ ഇതേ തന്ത്രം പയറ്റിയെങ്കിലും കൃത്യതയില്ലാത്തതിനാൽ റൺസ് വഴങ്ങുകയായിരുന്നു. എന്നാൽ ഹിംഗെ കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞ് സൂര്യവംശിയെ പ്രതിരോധത്തിലാക്കി. ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യവംശിയുടെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി.
Content Highlights: Praful Hinge successfully dismissed Vaibhav Sooryavanshi with a planned bouncer in 2026
Published: 15 Apr 2026, 02:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented