ദുബായ്: പരിക്കുകാരണം ഏഷ്യാകപ്പ് ക്രിക്കറ്റില്‍നിന്ന് പിന്മാറിയ പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രിഡിയെ ആശ്വസിപ്പിച്ച് ഇന്ത്യന്‍താരങ്ങള്‍.

To advertise here,

ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനുമുന്നോടിയായി പരിശീലനത്തിനിറങ്ങിയ പാകിസ്താന്‍ ടീമിനൊപ്പം അഫ്രിഡിയുമുണ്ടായിരുന്നു. കാലിലെ പരിക്കുകാരണം ഗ്രൗണ്ടിന്റെ ഒരറ്റത്ത് മാറിയിരിക്കുകയായിരുന്ന അഫ്രിഡിയുടെ അടുത്തെത്തി ഇന്ത്യന്‍ താരങ്ങള്‍ ആശ്വസിപ്പിക്കുന്ന വീഡിയോ പാക് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റുചെയ്തു. 

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഷഹീനോട് സംസാരിക്കുന്ന വീഡിയോ പ്രത്യേകമായും പാക് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചിട്ടുണ്ട്.

യുസ്വേന്ദ്ര ചാഹലും വിരാട് കോലിയും ഋഷഭ് പന്തും കെ.എല്‍. രാഹുലും അഫ്രിഡിയുടെ അടുത്തെത്തി സുഖവിവരം അന്വേഷിക്കുന്നത് വീഡിയോയിലുണ്ട്. 'തിരിച്ചുവരവിനായി പ്രാര്‍ഥിക്കുന്നു. പഴയ ഫോമില്‍ ഉടനെ കാണണം' എന്നുപറയുന്നത് കേള്‍ക്കാം. 

'ഉടന്‍ സുഖംപ്രാപിക്കട്ടെ' എന്നാശംസിച്ചുകൊണ്ടാണ് കോലി മടങ്ങിയത്. ഷഹീന്റെ പരിക്കിനെ കുറിച്ചും കോലി അന്വേഷിക്കുന്നത് കാണാം. മറ്റ് ഇന്ത്യന്‍താരങ്ങളും സംഘത്തിലുണ്ടായിരുന്നു.