ദുബായ്: കപ്പടിക്കുമെന്ന് കരുതിയിരുന്ന ഇന്ത്യ പുറത്തായെങ്കിലും ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കളത്തിനകത്തും പുറത്തും ആവേശത്തിന് ഒരു കുറവുമില്ല. ഞായറാഴ്ച ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള കലാശപ്പോരിന് മുന്‍പ് ശ്രദ്ധേയമായിരിക്കുകയാണ് ലങ്കന്‍ താരം ചാമിക കരുണരത്‌നയുടെ മറ്റൊരു സെലിബ്രേഷന്‍. ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന് ശേഷം നാഗിന്‍ നൃത്തം ചെയ്തായിരുന്നു പരിഹാസമെങ്കില്‍ ഇത്തവണ പാകിസ്താനെതിരെ 'തോക്ക്' ചൂണ്ടി നിറയൊഴിച്ചാണ് താരത്തിന്റെ പരിഹാസം. 

To advertise here,

2018-ല്‍ ബംഗ്ലാദേശ് നിദാഹസ് ട്രോഫിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ശേഷം നാഗിന്‍ ഡാന്‍സ് കളിച്ചതിനുള്ള മറുപടിയാണ് ഏഷ്യാകപ്പില്‍ നല്‍കിയത്. വെള്ളിയാഴ്ച സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് താരം ബാറ്റിനെ തോക്കാക്കിയത്.

പാകിസ്താന്‍ താരം ആസിഫ് അലിയുടെ സിഗ്നേച്ചര്‍ സെലിബ്രേഷനായ, നിറയൊഴിക്കാനായി തോക്ക് ചൂണ്ടുന്നത് പോലെ ബാറ്റ് പിടിച്ചുള്ള നില്‍പ്പിനെയാണ് ലങ്കന്‍ താരം ഇത്തവണ അനുകരിച്ചത്. സംഭവം വൈറലായതോടെ ഇതിനെതിരെ പാക് ആരാധകര്‍ രംഗത്തുവന്നിട്ടുണ്ട്. ചമിക കാണിക്കുന്നത് അമിതാവേശമാണെന്നും പാകിസ്താന്‍ ഫൈനലില്‍ ഇതിന് പകരം വീട്ടുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

സമീപകാലത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുംവിധത്തിലുള്ള ഉയത്തെഴുന്നേല്‍പ്പിനെ അനുസ്മരിപ്പിക്കുന്ന ഘട്ടത്തില്‍ ഇത്തരം മനോഭാവം ടീമിന് ഗുണംചെയ്യുമെന്നാണ് ലങ്കന്‍ ആരാധകര്‍ പറയുന്നത്. എന്തായാലും ഇതൊക്കെകൊണ്ടുതന്നെ ഏഷ്യാ കപ്പ് ഫൈനല്‍ ആവേശകരമായിരിക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.