
ദുബായ്: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ അവസാന മത്സരത്തില്‍ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് ജയം. 122 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മൂന്ന് ഓവറുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇതേ ടീമുകള്‍ വീണ്ടും ഏറ്റുമുട്ടും. സൂപ്പര്‍ ഫോറില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ദസൂണ്‍ ഷനകയും സംഘവും ഫൈനലിന് തയ്യാറെടുക്കുന്നത്. സ്‌കോര്‍ പാകിസ്താന്‍ 19.1 ഓവറില്‍ 121-10, ശ്രീലങ്ക 17 ഓവറില്‍ 124-5. ശ്രീലങ്കന്‍ താരം വാണിന്ദു ഹസരംഗയാണ് കളിയിലെ കേമന്‍.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. ഓപ്പണര്‍ കുസാല്‍ മെന്‍ഡിസ് 0(1), മൂന്നാമനായി എത്തിയ ധനുഷ്‌ക ഗുണതിലക 0(4) എന്നിവര്‍ രണ്ടാം ഓവറിന് മുന്‍പ് പുറത്തായപ്പോള്‍ ലങ്കന്‍ സ്‌കോര്‍ 2-2. മെന്‍ഡിസിനെ മുഹമ്മദ് ഹസ്‌നയിനും ഗുണതിലകയെ ഹാരിസ് റൗഫും മടക്കി. പിന്നീട് വന്ന ധനഞ്ജയ ഡിസില്‍വ 9(12)യും റൗഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ശ്രീലങ്ക 5 ഓവറില്‍ 29-3 എന്ന സ്‌കോറില്‍ അപകടം മണത്തു. എന്നാല്‍ നാലാം വിക്കറ്റില്‍ ഭാനുക രജപക്‌സ24(19)യെ ഒപ്പം കൂട്ടി ഓപ്പണര്‍ പാത്തും നിസംഗ 55*(48) ശ്രീലങ്കയെ വിജയവഴിയിലേക്ക് നയിച്ചു.
12-ാം ഓവറില്‍ രജപക്‌സെ മടങ്ങുമ്പോള്‍ സഖ്യം നേടിയ 51 റണ്‍സ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 80ല്‍ എത്തിച്ചിരുന്നു. ഉസ്മാന്‍ ഖാദിറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് നായകന്‍ ദസൂണ്‍ ഷാനക 21(16) റണ്‍സ് നേടി അഞ്ചാമനായി പുറത്തായെങ്കിലും ലങ്കന്‍ ജയം വെറും ഒന്‍പത് റണ്‍സ് മാത്രം അകലെയായിരുന്നു. ഏഴാമനായി എത്തിയ വാണിന്ദു ഹസംരംഗ 10*(3) കാര്യങ്ങള്‍ വേഗത്തിലാക്കിയപ്പോള്‍ ലങ്ക ആത്മവിശ്വാസത്തോടെ ഫൈനലിലേക്ക് മുന്നേറി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നയിന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ഉസ്മാന്‍ ഖാദിര്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ നായകന്‍ ദസൂണ്‍ ഷാനക പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.1 ഓവറില്‍ 121 റണ്‍സിന് പാകിസ്താന്‍ കൂടാരം കയറി.തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന പാക് ബാറ്റര്‍മാരെ ഒരു ഘട്ടത്തിലും കുതിക്കാനനുവദിക്കാതെ ലങ്കന്‍ ബൗളര്‍മാര്‍ തളയ്ക്കുകയായിരുന്നു. 29 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്ക് വേണ്ടി വാണിന്ദു ഹസരംഗ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മുഹമ്മദ് റിസ്വാന്‍ 14(14), ഫഖര്‍ സമാന്‍ 13(18), ഇഫ്തികര്‍ അഹ്‌മദ് 13(17), ഖുഷ്ദില്‍ ഷാ 4(8), മുഹമ്മദ് നവാസ് 26(18), എന്നിങ്ങനെയാണ് മറ്റ് പ്രധാന ബാറ്റര്‍മാരുടെ സംഭാവന. ആസിഫ് അലി, ഹസന്‍ അലി എന്നിവര്‍ റണ്ണൊന്നും നേടാതെ മടങ്ങി. ഉസ്മാന്‍ ഖാദിര്‍ 3(6), ഹാരിസ് റൗഫ് 1(2) റണ്‍സ് നേടി പുറത്തായപ്പോള്‍ മുഹമ്മദ് ഹസ്നയിന്‍ 0*(1) പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി മഹേഷ് തീക്ഷണ, പ്രമോദ് മധുഷാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ, ചാമിക കരുണരത്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താന് മുന്നില്‍ നാണംകെട്ട തോല്‍വി വഴങ്ങിയായിരുന്നു ലങ്കയുടെ തുടക്കം. തൊട്ടടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ അവിശ്വസനീയമായി തിരികെ വന്ന് വിജയിച്ച ലങ്ക ഞെട്ടിച്ചു. പിന്നീട് ഒരു മത്സരത്തിലും തോല്‍ക്കാതെ കുതിച്ച ലങ്കയുടെ തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചതല്ലെങ്കിലും ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അവര്‍ക്ക് തന്നെയാണ് നേരിയ മുന്‍തൂക്കം.
Content Highlights: asia cup cricket, asia cup 2022, pakistan vs srilanka
Published: 09 Sept 2022, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented