ദുബായ്: ഹോങ്കോങ്ങിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ഇന്ത്യന്‍ ഉപനായകന്‍ കെ.എല്‍ രാഹുലിനെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. ടി20 മത്സരത്തില്‍ ടെസ്റ്റ് ബാറ്റിങ് ശൈലി പുറത്തെടുക്കുന്നുവെന്നും സ്വന്തം പേരില്‍ റണ്‍സ് കുറിക്കാന്‍ മാത്രം ശ്രദ്ധിച്ച് ടീമിനെ സമ്മര്‍ദത്തിലാക്കുന്നുവെന്നുമാണ് താരത്തിനെതിരായ പ്രധാന വിമര്‍ശനം. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായ രാഹുല്‍ ദുര്‍ബലരായ ഹോങ്കോങ്ങിനെതിരെ 36 റണ്‍സ് നേടാന്‍ 39 പന്തുകള്‍ നേരിട്ടിരുന്നു.
സഞ്ജു സാംസണ്‍, ദീപക് ഹൂഡ എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നല്ല ഫോമില്‍ കളിക്കുകയും അവസരം കാത്ത് നില്‍ക്കുകയും ചെയ്യുന്നുവെന്ന കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഒരുപോലെ. സ്വന്തം റണ്‍സ് മാത്രം നോക്കുന്ന രാഹുല്‍ ടീം പ്ലെയര്‍ അല്ലെന്നും ഇത്തരം താരങ്ങളെ കളിപ്പിച്ചാല്‍ അത് ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ കനത്ത വില നല്‍കുന്നതിന് കാരണമാകുമെന്നുമാണ് ആരാധകരുടെ വിമര്‍ശനം.
'ടി20യില്‍ ടെസ്റ്റ് കളിക്കുന്ന രാഹുലിന് അഭിനന്ദനങ്ങള്‍, ന്യൂബോളിന്റെ ഷൈന്‍ ഇല്ലാതാക്കി മധ്യനിരയ്ക്ക് തകര്‍ത്തടിക്കാന്‍ അവസരം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം, ഹോങ്കോങ്ങിനെതിരായ ടി20 മത്സരത്തില്‍ ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ ഇന്ത്യ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ്' എന്നിങ്ങനെ കണക്കിന് പരിഹസിച്ചുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. പിച്ചില്‍ ഭൂതമില്ലെന്ന് സൂര്യകുമാറിന്റെയും ഹോങ്കോങ് താരങ്ങളുടേയും ബാറ്റിങ്ങില്‍ വ്യക്തമാണെന്നും ആരാധകര്‍ പറയുന്നു.
ഇതാദ്യമായിട്ടല്ല മെല്ലെപ്പോക്കിന് താരം പഴികേള്‍ക്കുന്നത്. ഐപിഎല്ലില്‍ തന്റെ വിക്കറ്റ് കാത്ത് സൂക്ഷിച്ച് ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ കളിക്കുന്നു എന്ന വിമര്‍ശനം രാഹുലിന്റെ കൂടപ്പിറപ്പാണ്. കോവിഡും പരിക്കും ശസ്ത്രക്രിയയും കഴിഞ്ഞെത്തിയ രാഹുല്‍ അത്ര നല്ല ഫോമില്‍ അല്ല. കഴിഞ്ഞ മാസം ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലാണ് പരിക്കിന് ശേഷം രാഹുല്‍ കളിച്ചത്. എന്നാല്‍ മടങ്ങിവരവില്‍ ഇതുവരെ തിളങ്ങാന്‍ കഴിഞ്ഞില്ല.
താരം സ്വന്തം വിക്കറ്റ് നഷ്ടപ്പെടുമോ എന്ന ഭയത്തോടെയാണ് കളിക്കുന്നതെന്ന് ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ കമന്റേറ്റര്‍മാരും അഭിപ്രായപ്പെട്ടു. ഒരു നോബോളില്‍ ഫ്രീഹിറ്റ് ലഭിച്ചപ്പോള്‍ മികച്ച ഒരു പന്തിനെയാണ് രാഹുല്‍ മിഡ് വിക്കറ്റിന് മുകളിലൂടെ കൂറ്റന്‍ സിക്‌സറിന് പറത്തിയത്. അപ്പോള്‍ രാഹുലിന്റെ കൈവശം അക്രമണ ബാറ്റിങ് ഇല്ലാത്തതുകൊണ്ടല്ലെന്ന് ഈ ഷോട്ടിലൂടെ വ്യക്തമെന്നാണ് കമന്ററി ബോക്‌സ് അഭിപ്രായപ്പെട്ടത്. രാഹുലിന്റെ മെല്ലെപ്പോക്ക് ഒപ്പം ബാറ്റ് ചെയ്യുന്ന താരങ്ങളേയും സമ്മര്‍ദത്തിലാക്കുന്നുണ്ട്.
Content Highlights: kl rahul, troll, low strike rate
Published: 01 Sept 2022, 01:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented