തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നാണ് മോഹിത് ഉൽവയെന്ന പതിനെട്ടുകാരൻ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ എക്കാലവും രേഖപ്പെടുത്തിവെക്കാവുന്ന ആ ജയം സമ്മാനിക്കുന്നത്. ക്രീസ് വിട്ടിറങ്ങിയ മോഹിത് ആ അവസാന പന്ത് ലോങ്ങോഫിലൂടെ ബൗണ്ടറി കടത്തിയപ്പോൾ രാജ്യമൊന്നാകെ ആവേശത്തിലാറാടി. ഇന്ത്യയുടെ ഹീറോയായി മോഹിത് മാറി. ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് അണ്ടർ-19 ക്രിക്കറ്റ് കിരീടം. സിരകളെ ത്രസിപ്പിക്കുന്ന ക്രിക്കറ്റ് ത്രില്ലറുകൾ ഇന്ത്യയ്ക്ക് പുതുമയല്ല. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ എത്രയോവട്ടം ഇന്ത്യ അവസാന പന്തുകളിൽ ജീവൻ തിരികെപിടിച്ചിട്ടുണ്ട്. പരാജയം രുചിച്ചിട്ടുണ്ട്. ആ അപ്രവചനീയതയാണ് ലാസ്റ്റ് ബോൾ ത്രില്ലറുകളെ മറ്റേത് മത്സരങ്ങളെക്കാളും നമ്മുടെ ചങ്കിടിപ്പിക്കുന്നത്.

To advertise here,

ഏഷ്യാകപ്പ് അണ്ടർ-19 ക്രിക്കറ്റ് ഫൈനലിൽ പാക് ടീം ഉയർത്തിയ 338 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ജയിക്കാൻ അവസാന ഓവറിൽ ഒരു വിക്കറ്റുമാത്രം അവശേഷിക്കേ, എട്ടു റൺസാണ് വേണ്ടിയിരുന്നത്. ലെഗ്‌സ്പിന്നർ അഹമ്മദ് ഹുസൈനാണ് പാക് ബൗളർ. അഞ്ചുബോളിൽ മോഹിത് ഉൽവയും ചിഗുരുപതി വെങ്കട്ടയും ചേർന്ന കൂട്ടുകെട്ട് അഞ്ചു റൺസെടുത്തു. അവസാന പന്തിൽ ഇന്ത്യക്കുവേണ്ടത് മൂന്നുറൺസ്. സ്‌ട്രൈക്ക് എടുക്കുന്നത് മോഹിത്. ഓഫ് സ്റ്റമ്പിന് വെളിയിലൂടെയുള്ള ഹുസൈന്റെ പന്ത് നൃത്തച്ചുവടുകളോടെ ക്രീസ് വിട്ടിറങ്ങിയ മോഹിത് ലോങ്ങോഫ് ബൗണ്ടറി കടത്തിയപ്പോൾ പാക് ഫീൽഡർമാർക്ക് നിസ്സഹായമായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. അവിശ്വസനീയ ജയത്തോടെ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു.

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആവേശം നിറഞ്ഞ ത്രില്ലറുകൾ ഒരുപാടുണ്ട്. ആരാധകർ ഒരിക്കലും മറക്കാത്ത മത്സരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക ജയങ്ങളിലൊന്നാണ് 2002 നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിലെ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടു വിക്കറ്റിന് ജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 146 റൺസെന്ന നിലയിൽ തകർച്ച നേരിട്ട സമയത്ത് ക്രീസിൽ ഒന്നിച്ച മുഹമ്മദ് കൈഫ്-യുവരാജ് സിങ് സഖ്യമാണ് ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമായത്. ആറാം വിക്കറ്റിൽ ഇരുവരും 121 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒടുക്കം അവസാന ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യ വിജയറൺ കുറിച്ചു. അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ലോർഡ്‌സിൽ ബാൽക്കണിയിൽവെച്ച് ജെഴ്‌സിയൂരി വീശിയാണ് വിജയം ആഘോഷിച്ചത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലവും ഓർമിക്കപ്പെടുന്ന ചിത്രങ്ങളിലൊന്നായി അത് മാറി.

2013 ൽ ശ്രീലങ്കയ്‌ക്കെതിരായ സെൽകോൺ മൊബൈൽ കപ്പ് ഫൈനൽ: 202 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് 9 വിക്കറ്റുകൾ നഷ്ടമായ ഘട്ടം. അവസാന ഓവറിൽ വേണ്ടത് 15 റൺസ്. പന്തെറിയാനെത്തിയത് ഷമിന്ദ ഇരംഗ. ക്രീസിലുള്ളത് സാക്ഷാൽ മഹേന്ദ്ര സിങ് ധോനി. ആദ്യ പന്ത് ഡോട്ട് ബോൾ. പിന്നീടുള്ള മൂന്ന് പന്തുകളിൽ ധോനി അടിച്ചുതകർത്തു. രണ്ടാം പന്ത് അതിർത്തികടത്തിയ ധോനി മൂന്നാം പന്ത് ഫോറടിച്ചു. മൂന്ന് പന്തുകളിൽ വേണ്ടത് അഞ്ച് റൺസ്. നാലാം പന്തിൽ സിക്‌സറോടെ ധോനി ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു.

2011 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനം: 212 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ 9 വിക്കറ്റുകൾ വീണു. സ്കോർ 201 റൺസ്. ജയിക്കാൻ 11 റൺസ് കൂടി വേണം. വാലറ്റക്കാരായ ഉമേഷ് യാദവും വരുൺ ആരോണുമാണ് ക്രീസിൽ. എന്നാൽ ഇരുവരും പതറിയില്ല. സമ്മർദ്ദത്തിന് അടിപ്പെടാതെ ബാറ്റേന്തിയ ഉമേഷ് യാദവും വരുൺ ആരോണും ചേർന്ന് ഇന്ത്യയ്ക്ക് ഒരു വിക്കറ്റിന്റെ ജയം സമ്മാനിച്ചു.

2016 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം, പരമ്പരയിലെ അഞ്ചാം ഏകദിനത്തിൽ 331 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി മനീഷ് പാണ്ഡെ പുറത്താകാതെ 104 റൺസ് നേടി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 13 റൺസ്. മിച്ചൽ മാർഷ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് വൈഡായി. പിന്നാലെ സിക്‌സറടിച്ച് തുടങ്ങിയ ധോനി തൊട്ടടുത്ത പന്തിൽ പുറത്തായി. നാല് പന്തിൽ വേണ്ടത് ആറു റൺസ്. മൂന്നാം പന്തിൽ മനീഷ് പാണ്ഡെ ഫോറടിച്ചു. നാലാം പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് പാണ്ഡെ ടീമിന് ജയം സമ്മാനിച്ചു.

2004 ലെ കറാച്ചി ഏകദിനം, ആദ്യം ബാറ്റുചെയ്ത ഇന്ത്യ രാഹുൽ ദ്രാവിഡിന്റെ (99) മികവിൽ പാകിസ്താനെതിരേ ഏഴ് വിക്കറ്റിന് 349 റൺസെടുത്തു. എന്നാൽ, ഇൻസമാം ഉൾ ഹഖിലൂടെ (122) തിരിച്ചടിച്ചപ്പോൾ മത്സരം ആവേശകരമായി. അവസാന ഓവറിന്റെ അവസാന പന്തുവരെ അനിശ്ചിതത്വം നീണ്ട മത്സരത്തിൽ ഇന്ത്യ അഞ്ചു റൺസിന്റെ വിജയം നേടി. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസുമാത്രം വേണ്ടിയിരിക്കേ, മൂന്ന് റൺസുമാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടിയ ആശിഷ് നെഹ്‌റയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

1998 ലെ ഇൻഡിപെൻഡൻസ് കപ്പ്, ധാക്കയിൽനടന്ന കിരീടപ്പോരാട്ടത്തിൽ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 48 ഓവറിൽ അഞ്ചുവിക്കറ്റിന് 314 റൺസെന്ന പടുകൂറ്റൻ ലക്ഷ്യമുയർത്തി. എന്നാൽ, സൗരവ് ഗാംഗുലിയുടെ (124) സെഞ്ചുറി മികവിൽ ഇന്ത്യ തിരിച്ചടിച്ചു. ഒടുവിൽ ഒരു പന്ത് ബാക്കിനിൽക്കേ, ഋഷികേശ് കനിത്കർ നേടിയ ബൗണ്ടറിയിൽ ഇന്ത്യ മൂന്നുവിക്കറ്റിന്റെ അവിസ്മരണീയ ജയംനേടി. ഏഴുവിക്കറ്റിന് 316 റൺസാണ് ഇന്ത്യ നേടിയത്.

2011ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം, ആദ്യം ബാറ്റുചെയ്ത ഇന്ത്യ 190 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പ്രതിരോധത്തിലാക്കി. 42 ഓവറിൽ 187-8 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. മുനാഫ് പട്ടേൽ എറിഞ്ഞ 43-ാം ഓവറിൽ കളി മാറി. ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി മുനാഫ് ഇന്ത്യയ്ക്ക് ഒരു റണ്ണിന്റെ ആവേശജയം സമ്മാനിച്ചു.

2014 ൽ ന്യൂസീലൻഡിനെതിരായ ഏകദിനമത്സരം, അവസാന ഓവറിൽ വേണ്ടത് 18 റൺസ്. കോറി ആൻഡേഴ്‌സൻ എറിഞ്ഞ ഓവറിൽ ആദ്യ നാല് പന്തുകളിൽ നിന്ന് ഇന്ത്യ നേടിയത് ആറു റൺസ് മാത്രമാണ്. എന്നാൽ നാലാം പന്തിൽ ഫോറും അഞ്ചാം പന്തിൽ സിക്‌സറുമടിച്ച് ജഡേജ പ്രതീക്ഷ നൽകി. അവസാന പന്തിൽ വേണ്ടത് രണ്ട് റൺസ്. ഒരു റൺ മാത്രമേ ജഡേജയ്ക്ക് നേടാനായുള്ളൂ. അതോടെ മത്സരം ടൈ ആയി.

ജയം മാത്രമല്ല ത്രില്ലർ പോരാട്ടങ്ങളിൽ തോൽവികളുമുണ്ടായിട്ടുണ്ട്. നാലുപതിറ്റാണ്ടുമുൻപ്‌ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അവസാനപന്തിൽ ചേതൻ ശർമയെ സിക്‌സർ പറത്തി ജാവേദ് മിയാൻദാദ് ഇന്ത്യക്കെതിരേ പാകിസ്താന് അവിസ്മരണീയ ജയം സമ്മാനിച്ചിരുന്നു. 1986-ലെ ഏഷ്യാ കപ്പ് ഫൈനലിലായിരുന്നു മിയാൻദാദിന്റെ പ്രകടനം. അവസാന പന്തിൽ പാക് ടീമിന് ജയിക്കാൻ നാലു റൺസാണ് വേണ്ടിയിരുന്നത്. അന്നത്തെ തോൽവിയുടെ ആഘാതം ഇന്ത്യൻ ടീമിനെ കാലങ്ങളോളം വേട്ടയാടിയിരുന്നു. അങ്ങനെ ഒട്ടേറെ ത്രില്ലറുകൾ പിറന്ന ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു അവിസ്മരണീയ നിമിഷമാണ് അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലും.