മൗണ്ട് മൻഗനൂയി (ന്യൂസീലൻഡ്): അഞ്ചാം ഏകദിനത്തിൽ 22 റൺസിന് കിവീസിനെ തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായിരുന്നു. എന്നാൽ, അതേനാണയത്തിൽ തിരിച്ചടിച്ച ശ്രേയസ് അയ്യരും സംഘവും ന്യൂസീലൻഡിനെ 187 റൺസിന് ഓൾഔട്ടാക്കി. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് ഇന്ത്യ നേടിയത്. പരമ്പര നേടിയെങ്കിലും പരമ്പരയിലെ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം ദയനീയമായിരുന്നു. മുൻ നിര ബാറ്റർമാർ തകർന്നടിയുന്ന കാഴ്ചയാണ് പല മത്സരങ്ങളിലും കണ്ടത്.

To advertise here,

മുൻനിര ബാറ്റർമാരിൽ കൂടുതൽ റൺസ് കണ്ടെത്തിയത് വിരാട് കോലിയാണ്. അഞ്ചുമത്സരങ്ങളിൽ നിന്ന് 86 റൺസാണ് കോലിയുടെ സമ്പാദ്യം. ഒരു മത്സരം മഴ മുടക്കിയതിനാൽ നാല് ഇന്നിങ്‌സുകളിൽ നിന്നാണ് കോലി 86 റൺസെടുത്തത്. ആദ്യ മത്സരത്തിൽ മാത്രം 74 റൺസെടുത്തു. ശേഷിച്ച മൂന്ന് ഇന്നിങ്‌സുകളിൽനിന്ന് കണ്ടെത്തിയത് വെറും 12 റൺസ്. 21.50 ആണ് ശരാശരി.

രണ്ടാം ഏകദിനത്തിൽ ഏഴ് റൺസും അഞ്ചാം ഏകദിനത്തിൽ അഞ്ച് റൺസുമെടുത്തു. നാലാം ഏകദിനത്തിൽ ഡക്കായി മടങ്ങി. 11 വർഷത്തിനിടെ ഇതാദ്യമായാണ് കോലി ഒരു ഏകദിന പരമ്പരയിൽ മൂന്ന് തവണ ഒറ്റയക്കത്തിൽ പുറത്താവുന്നത്. 2015 ലാണ് ഇതിന് മുൻപ് ഇത്തരത്തിൽ പുറത്തായത്.

ശ്രേയസ് അയ്യരാകട്ടെ നാല് ഇന്നിങ്‌സുകളിൽ നിന്ന് 67 റൺസാണെടുത്തത്. 30 ആണ് ഉയർന്ന സ്‌കോർ. ഒരു മത്സരത്തിൽ ഡക്കായി. അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ അയ്യരായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ശുഭ്മാൻ ഗിൽ രണ്ട് ഇന്നിങ്‌സുകളിൽ നിന്ന് 37 റൺസെടുത്തു. ആദ്യ മത്സരത്തിലാണ് ഈ റൺസെടുത്തത്. രണ്ടാം ഏകദിനത്തിൽ ഗിൽ ഡക്കായി.

ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമയാണ് ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത്. നാല് ഇന്നിങ്‌സുകളിൽനിന്ന് നേടിയതാകട്ടെ 30 റൺസ് മാത്രം. രണ്ടാം ഏകദിനത്തിൽ നേടിയ 23 റൺസാണ് ഉയർന്ന സ്‌കോർ. ആദ്യ മത്സരത്തിലും നാലാം മത്സരത്തിലും രോഹിത് ഡക്കായി മടങ്ങി. അവസാന ഏകദിനത്തിൽ ഏഴ് റൺസുമെടുത്തു. അതേസമയം, ഗില്ലിന് പകരം ഓപ്പണറായെത്തിയ ഋതുരാജ് ഗെയ്ക്വാദിനും താളം കണ്ടെത്താനായില്ല. താരം രണ്ട് മത്സരങ്ങളിൽനിന്ന് 23 റൺസ് മാത്രമാണെടുത്തത്.