ഹരാരെ: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് ഒഴിവായാലും തങ്ങൾ ടൂർണമെന്റ് കളിക്കുമെന്ന് പിസിബി വ്യക്തമാക്കി. ലോകകപ്പ് വേദി മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിബി തയ്യാറെടുപ്പുകൾ നിർത്തിവെച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനോടാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിലപാട് വ്യക്തമാക്കിയത്.

To advertise here,

സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെ ബംഗ്ലാദേശ് വിഷയത്തിൽ പിന്തുണതേടി പാകിസ്താനെ സമീപിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വിവാദങ്ങൾ തുടരുന്നതിനിടെയാണ് പിസിബി നിലപാട് തുറന്നുപറഞ്ഞത്. ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് ഒഴിവായാലും തങ്ങൾ ലോകകപ്പ് കളിക്കുമെന്നും പാകിസ്താന് അത്തരമൊരു നിലപാടില്ലെന്നും പിസിബിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ഇത് പിസിബിയുടെ നിലപാടല്ല. പാകിസ്താന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലായിരിക്കുമെന്ന് 2025 ന്റെ തുടക്കത്തിൽ തന്നെ തീരുമാനത്തിലെത്തിയതാണ്. ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു നിലപാടെടുത്തത്. എന്നാൽ ലോകകപ്പിൽ നിന്ന് പിന്മാറാൻ പിസിബിക്ക് മറ്റുകാരണങ്ങളില്ല. - പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

മാത്രമല്ല പാകിസ്താൻ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് കളിക്കുന്നതെന്ന് ഐസിസി ചൂണ്ടിക്കാട്ടുകയും ചെയ്യും. ആളുകൾ വിഷയം കൂടുതൽ ആളിക്കത്തിക്കാൻ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. - പിസിബി വൃത്തങ്ങള ഉദ്ധരിച്ച് റെവ്സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം വിഷയത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി അന്ത്യശാസനം നൽകിയിരുന്നു. വിഷയത്തിൽ തീരുമാനമറിയിക്കാൻ ജനുവരി 21 വരെ ഐസിസി സമയം നൽകി. അതിനുള്ളിൽ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തുമോയെന്ന കാര്യം ബിസിബി അറിയിക്കണം. അല്ലാത്തപക്ഷം സ്‌കോട്ട്‌ലൻഡിനെ പകരം കളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.

ബംഗ്ലാദേശ് അടുത്തിടെ പുതിയ നിർദേശം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഐസിസി തള്ളുകയായിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ബി ഗ്രൂപ്പിലുള്ള അയർലൻഡിനെ സി ഗ്രൂപ്പിലേക്കു മാറ്റി തങ്ങളെ ബി ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. പ്രാഥമിക റൗണ്ടിൽ അയർലൻഡിന്റെ മത്സരങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത് കൊളംബോയിലാണ്. എന്നാൽ, തങ്ങളുടെ മത്സരവേദിയിൽ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനൽകിയതായി അയർലൻഡ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.

ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ്‌ ടി20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു.