തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിൽ ബംഗാൾ ശക്തമായ നിലയിൽ. കേരളത്തെ ആദ്യ ഇന്നിങ്‌സിൽ 141 റൺസിന് പുറത്താക്കി 209 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ബംഗാൾ രണ്ടാം ഇന്നിങ്‌സിൽ 198 റൺസെടുത്ത് കേരളത്തിനു മുന്നിൽവെച്ചത് 408 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ്. ഇടംകയ്യൻ സ്പിന്നർ പ്രദീപ്ത പ്രമാണിക്കിന്റെ ഉജ്ജ്വല ബൗളിങ്ങാണ് രണ്ട് ഇന്നിങ്‌സുകളിലും കേരളത്തിന്റെ ബാറ്റിങ് നിരയെ തകർത്തത്.

To advertise here,

ആറ് വിക്കറ്റിന് 101 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് അധികം നീണ്ടില്ല. 40 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. ആറ് റൺസെടുത്ത ജലജ് സക്‌സേനയാണ് ആദ്യം മടങ്ങിയത്. പ്രദീപ്ത പ്രമാണിക്കിന്റെ പന്തിൽ സുധീപ് ഘരാമി ക്യാച്ചെടുത്താണ് ജലജ് പുറത്തായത്. തുടർന്നെത്തിയ വൈശാഖ് ചന്ദ്രൻ (5) പ്രദീപ്തയുടെ പന്തിൽ ക്ലീൻ ബൗൾഡായി. അതേ ഓവറിലെ അവസാന പന്തിൽ എം.ഡി. നിധീഷ് (0) എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങി. എൻ.പി. ബേസിൽ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 141-ൽ അവസാനിച്ചു. മുഹമ്മദ് അസറുദ്ദീൻ 30 റൺസുമായി പുറത്താകാതെ നിന്നു. ബംഗാളിന് വേണ്ടി പ്രദീപ്ത പ്രമാണിക് നാലും മുഹമ്മദ് ഷമി മൂന്നും ഷഹബാസ് അഹ്‌മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

കേരളത്തെ ഫോളോ ഓൺ ചെയ്യിക്കുന്നതിനു പകരം വീണ്ടും ബാറ്റ് ചെയ്യാനാണ് ബംഗാൾ തീരുമാനിച്ചത്. തുടക്കം മുതൽ മികച്ച ഷോട്ടുകളിലൂടെ അഭിമന്യു ഈശ്വരൻ ബംഗാൾ ഇന്നിങ്‌സ് വേഗത്തിൽ മുന്നോട്ടു നീക്കി. സ്‌കോർ 46-ൽ നിൽക്കെ ബംഗാളിന്റെ ആദ്യ വിക്കറ്റ് വീണു. 12 റൺസെടുത്ത അങ്കുൾ പോളിനെ എൻ.പി. ബേസിൽ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ സുധീപ് കുമാർ ഘരാമിയും 12 റൺസുമായി മടങ്ങി. മറുവശത്ത് ബാറ്റിങ് തുടർന്ന അഭിമന്യു ഈശ്വരൻ 47 റൺസെടുത്ത് പുറത്തായി. ഇന്നിങ്‌സ് വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെ ബംഗാളിന്റെ വിക്കറ്റുകൾ മുറയ്ക്ക് വീണു. 46 ഓവറിൽ 198 റൺസിന് ബംഗാൾ ഓൾ ഔട്ടായി. ബംഗാളിന് വേണ്ടി സുധീപ് ചാറ്റർജി 34-ഉം, മുഹമ്മദ് ഷമി 26-ഉം റൺസെടുത്തു. തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജലജ് സക്‌സേനയാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ആദിത്യ സർവാതെ മൂന്നും എൻ.പി. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകർച്ച നേരിട്ടു. തന്റെ രണ്ടാം ഓവറിൽ ഇരട്ടപ്രഹരവുമായി പ്രദീപ്ത പ്രമാണിക് കേരളത്തെ തുടക്കത്തിൽ തന്നെ സമ്മർദത്തിലാക്കി. അഭിഷേക് ജെ. നായരും (0) അഭിഷേക് പി. നായരും (0) അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ രണ്ട് വിക്കറ്റിന് 15 റൺസെന്ന നിലയിലായിരുന്നു കേരളം. വൈകാതെ 18 റൺസെടുത്ത ജലജ് സക്‌സേനയും പ്രദീപ്തയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും പ്രദീപ്തയുടെ പന്തിൽ സച്ചിൻ (10) പുറത്തായതോടെ ബംഗാൾ വീണ്ടും മത്സരത്തിൽ പിടിമുറുക്കി. കളി നിർത്തുമ്പോൾ 19 റൺസോടെ വിഷ്ണു വിനോദും അക്കൗണ്ട് തുറക്കാതെ സൽമാൻ നിസാറുമാണ് ക്രീസിൽ.